Around us

‘പാറമടയിലെ സ്ലറി വെള്ളമാണ് ഞങ്ങളുടെ പായസം’; തിരുവോണനാളിലും കുഞ്ഞാലിപ്പാറ സമരപ്പന്തലില്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

പാറമണലും കരിങ്കല്‍ച്ചീളും ക്വാറിയിലെ സ്ലറിവെള്ളവും കൊണ്ട് സമരപ്പന്തലില്‍ സദ്യയൊരുക്കി തൃശൂര്‍ ചാലക്കുടി ഒമ്പതുങ്ങല്‍ നിവാസികളുടെ പ്രതിഷേധം. നാടിന് ഭീഷണിയായി മാറിയ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി നടത്തിവരുന്ന സമരം തിരുവോണനാളിലും തുടരുകയാണ്. മെറ്റലും, പാറമണലും കരിങ്കല്ലും വാഴയിലയില്‍ വിളമ്പി വട്ടമിട്ടിരുന്ന് സമരാനുകൂലികള്‍ പ്രതീകാത്മകമായി കഴിച്ചു. ഇലത്തലയില്‍ കായവറുത്തതിനും ശര്‍ക്കര വരട്ടിക്കും പകരം കരിങ്കല്‍ച്ചീളുകള്‍ നിരത്തി. പായസത്തിനു പകരം ചെളിനിറഞ്ഞ വെള്ളം ഗ്ലാസുകളില്‍ വിളമ്പി. 25 ദിവസമായി തുടരുന്ന സമരത്തോട് നിസംഗത പാലിക്കുന്ന അധികൃതരോടുള്ള പ്രതിഷേധമാണ് തങ്ങളുടെ ഓണസദ്യയെന്ന് കുഞ്ഞാലിപ്പാറ സമര സമിതി പറയുന്നു.

ചാലക്കുടി മറ്റത്തൂര്‍ പഞ്ചായത്തില്‍ കോടശ്ശേരി മലയുടെ താഴ്‌വാരത്തില്‍ പ്രവര്‍ത്തിക്കുന്ന എടത്താടന്‍ ക്വാറിയ്‌ക്കെതിരെയാണ് ഒമ്പതുങ്ങള്‍ നിവാസികളുടെ സമരം. ഉഗ്രസ്‌ഫോടനം മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു, ക്വാറിയില്‍ നിന്ന് ലോഡുകള്‍ കൊണ്ടുപോകുന്നതുവഴി കനാല്‍ ബണ്ട് റോഡുകള്‍ അപകടാവസ്ഥയില്‍, ക്വാറിയിലെ മലിന ജലം കൃഷിഭൂമിയിലേക്ക് ഒഴുക്കുന്നതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, തലയ്ക്ക് മീതെ ജലബോംബ് പോലെ പാറമടയിലെ വെള്ളം കെട്ടി നില്‍ക്കുന്നത് വന്‍ ദുരന്തത്തിന് കാരണമായേക്കുമെന്ന ഭീതി.. എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ ജനകീയ സമരം.

വനഭൂമിയോട് ചേര്‍ന്ന് ഖനനം നടത്തി, കനാല്‍ റോഡുകള്‍ ഉപയോഗിച്ച് കടത്തിയാണ് ഇത്രയും നാള്‍ ക്വാറി പ്രവര്‍ത്തിച്ചത്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്രനാള്‍ തുടര്‍ന്നെങ്കില്‍ എത്ര അഴിമതി നടന്നിട്ടുണ്ടാകും? ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നെങ്കില്‍ ക്വാറിക്ക് അനുമതി ലഭിക്കുമായിരുന്നില്ല.
ജോമിസ് ജോര്‍ജ്, ഒമ്പതുങ്ങല്‍

ക്വാറി അടച്ചുപൂട്ടി സമരം വിജയിക്കേണ്ടത് ഈ നാട്ടുകാരുടെ നിലനില്‍പിന്റെ ആവശ്യമാണെന്ന് ഒമ്പതുങ്ങല്‍ നിവാസി പീറ്റര്‍ ദേവസി 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

താഴ്‌വാരത്ത് നിന്നും നൂറ് മീറ്ററോളം ദൂരമാണ് ക്വാറിയും ക്രഷറും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ളത്. തലയ്ക്ക് മീതെ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ജലബോംബ് സ്ഥിതി ചെയ്യുന്നതിന്റെ ഭീതിയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
പീറ്റര്‍ ദേവസ്സി

ക്വാറിയിലെ ഗര്‍ത്തത്തിന് എത്ര ആഴമുണ്ടെന്ന് അറിയില്ല. അളവില്‍ കവിഞ്ഞ് ഖനനം ചെയ്‌തെടുക്കുക വഴി സര്‍ക്കാരിന് കോടാനുകോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. പൊതുസമ്പത്താണ് അവര്‍ ചൂഷണം ചെയ്തത്. ഖനനത്തിന് വേണ്ടി മാറ്റിയ മണ്ണ് ആയിരക്കണക്ക് ലോഡ് വരും. അത് വലിയ കൂനയായി കൂട്ടിയിട്ടിരിക്കുന്നത് മണ്ണിടിച്ചിലിനും കാരണമാകുമെന്ന് കാണുന്ന ആര്‍ക്കും മനസിലാകും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഹസനം പോലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വിദഗ്ധ സംഘമെത്തി. ജനങ്ങളുടെ ഭീതി മാറ്റാതെയാണ് അവര്‍ പോയത്.

'കേസ് നിയമലംഘനം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക്'

വരും തലമുറയ്ക്ക് വേണ്ടി ഈ സമരത്തെ പിന്താങ്ങുന്നതിന് പകരം നിയമത്തിന്റെ പഴുത് വെച്ച് ഭീഷണിപ്പെടുത്തുകയാണ് പൊലീസുകാരും ഭരണാധികാരികളും. ഒമ്പതുങ്ങല്‍ കനാല്‍ ബണ്ട് റോഡിലൂടെയാണ് ലോഡുകള്‍ കൊണ്ടുപോകുന്നത്. ഗാര്‍ഹിക വസ്തുക്കള്‍ കൊണ്ടുപോകാമെന്നല്ലാതെ ഇത്രയും ഭാരം വഹിച്ചുകൊണ്ട് വാഹനങ്ങള്‍ കനാല്‍ ബണ്ടിലൂടെ കൊണ്ടുപോകാന്‍ പാടില്ലെന്നാണ് നിയമം. ക്വാറിയുടമകള്‍ സ്വാധീനം ചെലുത്തി, നിയമം ലംഘിച്ച് അവര്‍ കനാല്‍ ബണ്ടിന് കുറുകെ പാലം നിര്‍മ്മിച്ചു. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ പല തവണ പൊലീസിനേയും ട്രാഫിക്കിനേയും അറിയിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ സിഐ ലൈജു അടക്കമുള്ള ഉദ്യോഗസ്ഥര്‍ സമരക്കാരെ മാനസികമായി പീഡിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയുമാണ്. സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജുവനൈല്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി. പ്രദേശവാസികളായ ചെറുപ്പക്കാരെ വഴിയില്‍ പിടിച്ചുനിര്‍ത്തുകയും അന്യായമായി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്യുന്നു. നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസ് നിയമലംഘനത്തേക്കുറിച്ച് പറയുന്ന ആളുകള്‍ക്കെതിരെ കേസ് എടുക്കുകയാണ്. എടത്താടന്‍ ക്വാറിക്കെതിരെ പ്രതിഷേധിച്ചതിന് തനിക്കെതിരെ മാത്രം ഒമ്പത് കേസുകളുണ്ട്.

തിരുവോണമായിട്ടും നാട്ടുകാര്‍ സമരത്തിലാണ്. ഉത്രാടത്തിന് ഞങ്ങള്‍ പ്രതിഷേധ സദ്യയൊരുക്കി. കല്ലും പാറപ്പൊടിയും വിളമ്പി. അവര്‍ കഴുകി പുറത്തേക്ക് ഒഴുക്കുന്ന സ്ലറി വെള്ളമായിരുന്നു ഞങ്ങളുടെ പായസം.
പീറ്റര്‍ ദേവസ്സി

ക്വാറിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പല വീടുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. തന്റെ വീടിന്റെ അകത്തും പുറത്തുമുള്ള ഭിത്തിയില്‍ വിള്ളലുകള്‍ കാണാം. ഇങ്ങനെയൊരു ഉപദ്രവമുണ്ടാകുമെന്ന് ഓര്‍ത്തിരുന്നില്ല. വീട് പണിതതിന് ശേഷമാണ് ഇത്രയും ഭീമമായ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞത്. 250-300ഓളം ലോഡുകളാണ് ദിവസേന പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. കരിങ്കല്ലും പാറമണലും മറ്റ് ഉല്‍പന്നങ്ങളും വില്ലേജ് റോഡുകളിലൂടെ കടത്തിക്കൊണ്ട് പോകരുതെന്ന് വനം പരിസ്ഥിതി വകുപ്പിന്റെ വ്യവസ്ഥകളില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആ നിയമത്തെ കഴിഞ്ഞ പത്ത് വര്‍ഷമായി എടത്താടന്‍ ഗ്രാനൈറ്റ്‌സ് പ്രഥമദൃഷ്ട്യാ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം സാധാരണ സംഭവങ്ങളാണെന്നാണ് ജനം കരുതിയിരുന്നതെന്നും തിരിച്ചറിയാന്‍ വൈകിയെന്നും പീറ്റര്‍ ദേവസ്സി കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT