ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തിന്, നിങ്ങള്‍ എന്റെ മുഖമല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വേറെയാരെയെങ്കിലും കാണുന്നുണ്ടോ?
എന്റെ മുഖം തന്നെയല്ലേ എല്ലായിടത്തും കാണുന്നത് എന്നാണ് പ്രിയങ്ക ചോദിച്ചത്. ഇതിന് പിന്നാലെയാണ് യു.പിയില്‍ അങ്കത്തിന് പ്രിയങ്ക തന്നെ നേരിട്ടിറങ്ങുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
യു.പിയില്‍ മറ്റ് പാര്‍ട്ടികളെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദിത്യനാഥാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അഖിലേഷ് യാദവ് എസ്.പിയുടെയും മായാവതി ബി.എസ്.പിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണ്.
യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പ്രിയങ്കയാണ്. ഏറെക്കാലമായി യു.പി കേന്ദ്രീകരിച്ചാണ് പ്രിയങ്ക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പ്രിയങ്കയിലൂടെ യു.പി തിരിച്ച് പിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ കെട്ടിപ്പെടുക്കുന്നത്. ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കം ദേശീയ ശ്രദ്ധ നേടിയിരുന്നു.
യു.പി മുഖ്യമന്ത്രിയാകാന്‍ പ്രിയങ്കയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. നേരത്തെ അഖിലേഷ് യാദവും, ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി ആദിത്യനാഥും തെരഞ്ഞെടുപ്പിനെ നേരിടാതെയാണ് മുഖ്യമന്ത്രിയായത്. അതേസമയം ഇക്കുറി രണ്ടു പേരും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്. ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.