ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജ്. വിദ്യാര്‍ഥികള്‍ക്ക് നേരെ അഴിച്ചു വിട്ടിരിക്കുന്ന അക്രമം ജനാധിപത്യമൂല്യങ്ങളെ കൊന്നൊടുക്കലാണെന്നാണ് പൃഥ്വിരാജ് പ്രതികരിച്ചത്. ഇത്തരം അക്രമസംഭവങ്ങള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നതാണെന്നും താരം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മഞ്ജുവാര്യറിനും നിവിന്‍ പോളിക്കും പിന്നാലെയാണ് ജെഎന്‍യു അക്രമത്തില്‍ പ്രതികരണവുമായി പൃഥ്വിരാജും രംഗത്തെത്തിയിരിക്കുന്നത്.
അഹിംസ, നിസഹകരണ പ്രസ്ഥാനം എന്നീ മാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, വിപ്ലവം എന്ന വാക്ക് അക്രമത്തിനും അധാര്‍മ്മികതയ്ക്കും വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമായി എന്നത് ദുഃഖകരമാണെന്നും പൃഥ്വിരാജ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. അക്രമത്തെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഒരു പോലെ അപലപനീയമാണെന്നും പൃഥ്വിരാജ് പ്രതികരിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങള്‍ ഏത് പ്രത്യയശാസ്ത്രത്തിനായി നിലകൊള്ളുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ പോരാടുന്നത്, ഇതിന്റെ അവസാനം എന്താണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അതെന്തായാലും അക്രമവും നശീകരണപ്രവര്‍ത്തനവും ഒരിക്കലും ഒന്നിനും ഉത്തരം നല്‍കില്ല. അഹിംസ, നിസഹകരണ പ്രസ്ഥാനം എന്നീ മാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, വിപ്ലവം എന്ന വാക്ക് അക്രമത്തിനും അധാര്‍മ്മികതയ്ക്കും വേണ്ടിയുള്ള ആഹ്വാനത്തിന് തുല്യമായി എന്നത് ദുഃഖകരമാണ്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി, നിയമസംവിധാനത്തിന് പുല്ലുവില നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൊലപാതകമാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്, ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഇതിന് ലഭിക്കണം. അക്രമത്തെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഒരുപോലെ അപലപനീയമാണ്. ഞാന്‍ പറഞ്ഞതുപോലെ ലക്ഷ്യം എല്ലായ്‌പ്പോഴും മാര്‍ഗങ്ങളെ ന്യായീകരിക്കുന്നില്ല.