കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബി.ജെ.പി ബന്ധം തെളിയിക്കുന്ന ഫോട്ടോകള്‍ പ്രശാന്ത് ഭൂഷണ്‍ പുറത്ത് വിട്ടു. ബി,ജെ.പി നേതാക്കള്‍ക്കൊപ്പം നടന്‍ ദീപ് സിദ്ദു നില്‍ക്കുന്ന ഫോട്ടോകള്‍ ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ പുറത്ത് വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ഫോട്ടോകളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്ത് വിട്ടത്. കര്‍ഷക മാര്‍ച്ചിനിടെ ചെങ്കോട്ടയില്‍ കയറി കൊടി കെട്ടിയതിനെ സമരത്തിന് നേതൃത്വം കൊടുത്ത സംഘടനകള്‍ തള്ളിപ്പറഞ്ഞിരുന്നു.
ചെങ്കോട്ടയിലേക്ക് പ്രതിഷേധക്കാര്‍ കയറുന്നതിന് നേതൃത്വം നല്‍കിയതും സിഖ് പതാക ഉയര്‍ത്തിയതും സിദ്ദുവിന്റെ നേതൃത്വത്തിലാണെന്നാണ് പ്രശാന്ത് ഭൂഷണിന്റെ ആരോപണം. സിദ്ദുവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് കിസാന്‍ സഭയും ആരോപിച്ചിരുന്നു. ഇതിന് പിന്നിലുള്ളവരെ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഖാലിസ്ഥാന്‍ പതാകയാണ് ഉയര്‍ത്തിയതെന്ന് ആരോപിച്ച് വലിയ വിവാദമുയര്‍ന്നിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയാണ് ഉയരേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു.