അപകടമുണ്ടായപ്പോള്‍ ബാലഭസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ആരാണെന്നറിയാനാണ് കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചതെന്ന് പ്രകാശ് തമ്പി. ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് അര്‍ജുന്‍ മൊഴി നല്‍കിയപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചത്. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.കാക്കനാട് ജയിലിലെത്തിയാണ് പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തിയത്.
അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് പ്രകാശ് തമ്പി മൊഴി നല്‍കി. അര്‍ജുന്‍ ആശുപത്രിയില്‍ വച്ച് തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബാലഭാസ്‌കറിന്റെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ തന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ലക്ഷ്മിക്ക് കൈമാറി. പരിപാടികളുടെ സംഘാടകനായിരുന്നു. അത് പ്രതിപലം ലഭിച്ചിട്ടുണ്ട്. അല്ലാത്ത പണമിടപാടുകള്‍ തമ്മിലില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതിയായ വിഷ്ണു വഴിയാണ് ബാലഭാസ്‌കറിനെ പരിചയപ്പെട്ടത്. ജിമ്മില്‍ വച്ചാണ് വിഷ്ണുവും ബാലഭാസ്‌കറും സൗഹൃദത്തിലായത്.
കാക്കനാട് ജയിലില്‍ വച്ചുള്ള ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നു.
അപകടദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സുഹൃത്ത് പ്രകാശ് തമ്പി ശേഖരിച്ചെന്ന നിര്‍ണ്ണായക മൊഴി നല്‍കിയത് കൊല്ലത്തെ കടയുടമ ഷംനാദായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി പ്രകാശ് തമ്പി പിന്നീട് തിരിച്ചേല്‍പ്പിച്ചെന്നാണ് ജ്യൂസ് കടയുടമ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇയാള്‍ മൊഴി മാറ്റി. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നിഷേധിച്ചത്. പ്രകാശ് തമ്പി കടയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിട്ടില്ല. പൊലീസാണ് ഹാര്‍ഡ് ഡിസ്‌ക് എടുത്തത്. തനിക്ക് പ്രകാശ് തമ്പിയെ അറിയില്ല. ഇയാള്‍ തന്റെ കടയില്‍ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.