സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് സായ് പല്ലവിക്ക് പിന്തുണയറിയിച്ചത്. ''ആദ്യം മനുഷ്യത്വം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്,'' പ്രകാശ് രാജ് പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന സായ് പല്ലവിയുടെ പരാമര്‍ശത്തിന് പിന്നാലെ നടി വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. താന്‍ നിഷ്പക്ഷ നിലപാടുള്ളയാളാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞിരുന്നു.
സൈബര്‍ ആക്രമണത്തിന് പിന്നാലെ സായ് പല്ലവി വിശദീകരണ വീഡിയോയും ചെയ്തിരുന്നു. താന്‍ ഇടതിനെയോ വലതിനെയോ പിന്തുണക്കുന്നില്ല. താനൊരു നിഷ്പക്ഷയാണ്. ആദ്യം നമ്മള്‍ നല്ല മനുഷ്യരാകണം അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം എന്ന് സായ് പല്ലവി വീഡിയോയില്‍ പറഞ്ഞിരുന്നു.
സായ് പല്ലവി പറഞ്ഞത്
കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു. എല്ലാവരുടെയും ജീവന്‍ പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ വിശ്വസിക്കുന്നു. കൊവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ഞാന്‍ വിമര്‍ശിച്ചിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരിക്കുമ്പോള്‍ ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. ആ അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായ വ്യക്തിത്വങ്ങളും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.