Around us

നവമിയുടെ മരണത്തില്‍ ബന്ധുക്കളുടെ മൊഴിയെടുത്ത് പൊലീസ് ; വിഷവസ്തു എന്തെന്നറിയാന്‍ ആന്തരികാവയവ പരിശോധന 

THE CUE

കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി സ്വദേശി നവമി ഹരിദാസിന്റെ മരണത്തില്‍ ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാനാരംഭിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. 19 കാരി ചികിത്സയിലിരുന്ന എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നുള്ള പരിശോധനാഫലങ്ങളും മറ്റു വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധു അഡ്വ.രാജേഷാണ് തളിപ്പറമ്പ് പൊലീസിനെ സമീപിച്ചത്. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കവെയായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ നവമിയുടെ വിയോഗമുണ്ടായത്. വിഷം അകത്തുചെന്നതാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണത്തില്‍ സംശയങ്ങളുയര്‍ന്നത്. വിഷവസ്തുവിന്റെ സാന്നിധ്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെങ്കിലും ഇതെന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഇതെങ്ങനെ ശരീരത്തിലെത്തിയെന്നതിലും വ്യക്തത ലഭിച്ചില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലവും ലഭ്യമായാലേ വിഷവസ്തു എന്തെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് തളിപ്പറമ്പ് എസ്‌ഐ ദ ക്യുവിനോട് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. എളമ്പേരത്തെ രാഹുല്‍ ആണ് നവമിയുടെ ഭര്‍ത്താവ്. ഇവര്‍ പ്രണയബദ്ധരായ ശേഷം ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് നവമി രാഹുലിനൊപ്പം പോയത്. സര്‍ സയ്യദ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു ഇത്. നവമിയുടെ പിതാവിന്റെ പരാതിയില്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ രാഹുലിനൊപ്പം പോവുകയാണെന്ന് നവമി വ്യക്തമാക്കുകയായിരുന്നു. ഇതോടെ വീട്ടുകാരുമായുള്ള അടുപ്പത്തില്‍ വിള്ളലുണ്ടായി. എന്നാല്‍ ഫെബ്രുവരിയില്‍ മുത്തശ്ശി മരണപ്പെട്ടപ്പോള്‍ രണ്ടുതവണ വീട്ടിലെത്തിയിരുന്നു. ഇടയ്ക്ക് വീട്ടിലേക്ക് വിളിക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടില്‍ പീഡനം നടക്കുന്നുവെന്ന് ആരോപിച്ച് അമ്മയ്ക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നതായി വിവരമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കത്തക്ക വിവരം ലഭ്യമായിട്ടില്ലെന്ന് എസ്‌ഐ ദ ക്യുവിനോട് പറഞ്ഞു.

പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ വിദ്യാഭ്യാസം തുടരുന്നുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടക്കത്തില്‍ തളിപ്പറമ്പിലും പിന്നീട് കണ്ണൂരിലെ ആശുപത്രികളിലുമാണ് നവമിയെ ഭര്‍തൃവീട്ടുകാര്‍ ചികിത്സയ്‌ക്കെത്തിച്ചത്. ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഐസിയു ആംബുലന്‍സില്‍ എറണാകുളത്ത് എത്തിക്കുകയായിരുന്നു. കരള്‍മാറ്റിവെയ്ക്കലിന് 30 ലക്ഷം രൂപ വേണമെന്നതിനാല്‍ നാട്ടുകാര്‍ പണപ്പിരിവ് ആരംഭിച്ചു. സര്‍ സയ്യദ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പിടി അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സഹായ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. അമ്മ കനകവല്ലി മകള്‍ക്കായി കരള്‍ നല്‍കാന്‍ സന്നദ്ധയായി. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു നവമി. നവ്യയാണ് സഹോദരി.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT