നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയിരുന്നു. ഇതില്‍ ജോജു മദ്യപിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ ജോജു പ്രതികരിച്ചത് മദ്യലഹരിയിലാണെന്നായിരുന്നു ആരോപണം.
ജോജു വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞുവെന്നും, അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. പ്രവര്‍ത്തകരുടെ പരാതിയില്‍ ജോജുവിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്ത സമരം കേരളം കാണേണ്ടി വരുമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്. ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും, ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സഭ്യമായരീതിയിലല്ല ജോജു ജോര്‍ജ് പ്രതികരിച്ചത്. മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്‌റ്റൈല്‍ ഷോയാണ് നടത്തിയത്. വനിതാപ്രവര്‍ത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
അദ്ദേഹത്തിന് മാന്യമായി പ്രതികരിക്കാമായിരുന്നു. സിനിമാസ്‌റ്റൈല്‍ ഷോ കോണ്‍ഗ്രസിനോട് വേണ്ട. ജോജുവിന്റെ പ്രകടനം ജനം വിലയിരുത്തട്ടെയെന്നും മാന്യമായി നടത്തിയ സമരത്തില്‍ 1500-ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തതെന്നും ആര്‍ക്കെങ്കിലും അസൗകര്യമുണ്ടായെങ്കില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.