ചങ്ങനാശ്ശേരി പായിപ്പാട്ട് അതിഥിതൊഴിലാളികള്‍ സംഘടിതമായി പ്രതിഷേധിച്ച സംഭവത്തില്‍, പൊലീസ് മുസ്ലിം മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം സംഘടനകളുടെ പങ്കാളിത്തം സംബന്ധിച്ച് പ്രാഥമിക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങളും കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധമായിരുന്നില്ല പായിപ്പാട്ടേതെന്നും പിന്നില്‍ വിപുലമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരമുണ്ട്. ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പ്രതിഷേധത്തില്‍ കേസെടുത്ത പൊലീസ് മൊഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നീ ബംഗാള്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ജാമ്യത്തില്‍ വിട്ടു. അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിനാണ് റിഞ്ചുവിനെ പിടികൂടിയത്.
ഫോണിലൂടെ വിളിച്ചും സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങളയച്ചും ആളുകളെ ഇളക്കിവിട്ടെന്നാണ് അന്‍വറിലിക്കെതിരായ കേസ്. എന്നാല്‍ ഇവര്‍ക്ക് എതെങ്കിലും ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പാണ് പിന്നിലെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും എന്നാല്‍ സംശയനിഴലിലുള്ള ചിലര്‍ ആളുകളെ ഇളക്കിവിട്ടതാണെന്ന് സൂചനകളുണ്ടെന്നും അന്വേഷണ സംഘത്തലവനായ ഐജി കാളിരാജ് മഹേഷ് കുമാര്‍ പ്രിന്റിനോട് പറഞ്ഞു. സംശയിക്കുന്ന ചിലര്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍വിളികള്‍ നടത്തിയാതായി വ്യക്തമായിട്ടുണ്ട്. അവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പത്തംഗ അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി വ്യക്തമാക്കി. ഒപ്പം അതിഥി തൊഴിലാളികളില്‍ ചിലരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആലപ്പുഴയിലും സമാനരീതിയില്‍ അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധത്തിന് ശ്രമം നടന്നിരുന്നതായി വ്യക്തമായിരുന്നു. ആളുകളെ ഇളക്കിവിടാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നസീറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് കോട്ടയം ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. നാടുകളിലേക്ക് മടങ്ങാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.എങ്ങനെയാണ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ തന്നെ സംഭവങ്ങള്‍ ലൈവ് ചെയ്യാന്‍ തുടങ്ങിയതെന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചിരുന്നു.ആരാണ് വാട്സ്ആപ്പ് മെസേജുകള്‍ പ്രചരിപ്പിച്ചതെന്നും എങ്ങനെയാണ് ഒരു ചാനലിന്റെ മാത്രം ആള്‍ക്കാര്‍ രാവിലെ പായിപ്പാട് എത്തിയതെന്നും അദ്ദേഹം ഉന്നയിച്ചിരുന്നു. പായിപ്പാടിന് പുറത്തും പത്തനംതിട്ടയിലും താമസിക്കുന്നവര്‍ ഇവിടെ പ്രകടനത്തിന് വന്നതും അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.