Around us

‘ആള്‍ക്കൂട്ട കൊല സ്വാഭാവികം’; മുസ്ലീംകളും ദളിതരും ആദിവാസികളും കുറ്റകൃത്യവാസന കൂടുതലുള്ളവരെന്ന് രാജ്യത്തെ പൊലീസുകാര്‍ക്കിടയില്‍ ധാരണ

THE CUE

മുസ്ലീംകളും ദളിതരും ആദിവാസികളും കുറ്റകൃത്യ വാസന കൂടുതലുള്ളവരാണെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍ ധാരണ. രാജ്യത്തെ നിയമപാലനരീതിയേക്കുറിച്ച് കോമണ്‍ കോസ്, സിഎസ്ഡിഎസ് (സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്) എന്നീ സംഘടനകള്‍ നടത്തിയ 'സ്റ്റാറ്റസ് ഓഫ് പൊലീസിങ്ങ് ഇന്‍ ഇന്ത്യ' പഠന റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഭൂരിഭാഗം പൊലീസുകാരും ആള്‍ക്കൂട്ട ശിക്ഷകളെ പിന്തുണയ്ക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പശുക്കശാപ്പിന്റെ പേരില്‍ ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കുന്നതിനെ 35 ശതമാനം പൊലീസുകാര്‍ ന്യായീകരിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം എന്നീ സാഹചര്യങ്ങളില്‍ ആള്‍ക്കൂട്ടം ശിക്ഷ വിധിക്കുന്നതില്‍ തെറ്റില്ലെന്നാണ് 40 ശതമാനം പൊലീസുകാരുടേയും അഭിപ്രായം. ഏറ്റുമുട്ടല്‍ കൊലകളോടും അനുകൂല നിലപാടാണ് മിക്കവര്‍ക്കുമുള്ളത്.

19 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ 56 ശതമാനം പൊലീസുകാരും മുസ്ലീംകളെ കുറ്റകൃത്യവാസനയുള്ളവരായാണ് കാണുന്നത്.

മുസ്ലീം മതസ്ഥരായവര്‍ക്ക് കുറ്റകൃത്യം ചെയ്യാനുള്ള 'സ്വാഭാവിക വാസന' വളരെയധികമുണ്ടെന്ന് 14 ശതമാനം പൊലീസുകാര്‍ വിശ്വസിക്കുന്നു. ഏറെക്കുറെ സാധ്യതയുളളവരാണെന്ന് കരുതുന്ന പൊലീസുകാര്‍ 36 ശതമാനമുണ്ട്. മുസ്ലീംകള്‍ക്ക് കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ കൂടുതലാണെന്നാണ് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരുടേയും ധാരണ. ഉത്തരാഖണ്ഡില്‍ അഞ്ചില്‍ നാല് പൊലീസുകാരും കരുതുന്നത് ഇങ്ങനെയാണ്.

യുപി മുസ്തഫാബാദ് സ്വദേശി ഖാസിം ആള്‍ക്കൂട്ടക്കൊലക്കിരയായ ഹാപൂര്‍ ലിഞ്ചിങ്  

പശുക്കശാപ്പുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടക്കൊല സ്വാഭാവികമാണെന്ന് മൂന്നിലൊന്ന് പൊലീസുകാര്‍ വിശ്വസിക്കുന്നു. മധ്യപ്രദേശില്‍ പശുക്കശാപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊലകളെ സ്വാഭാവികമെന്ന് വിശേഷിപ്പിച്ചത് 63 ശതമാനം പൊലീസുകാരാണ്. ഉത്തര്‍പ്രദേശ് പൊലീസിലെ 37 ശതമാനം പേര്‍ക്ക് ഈ ചിന്താഗതിയുണ്ട്.

ദളിതരും ആദിവാസികള്‍ക്കും കുറ്റകൃത്യവാസന കൂടുതലാണെന്ന മുന്‍വിധിയും രാജ്യത്തെ വിവിധ പൊലീസ് സേനകള്‍ക്കിടയില്‍ വ്യാപകമാണ്. യുപി, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ക്ക് ദളിതരേക്കുറിച്ച് ഈ ധാരണ വളരെ കൂടുതലാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പകുതിയോളം പൊലീസുകാര്‍ ആദിവാസികള്‍ക്ക് സ്വാഭാവിക കുറ്റകൃത്യവാസനയുണ്ടെന്ന് വിശ്വസിക്കുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലെ അഞ്ചില്‍ രണ്ട് പൊലീസുകാര്‍ ഈ ധാരണ വെച്ചുപുലര്‍ത്തുന്നു. ഉയര്‍ന്ന ജാതിക്കാര്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നത് 33 ശതമാനം പേര്‍ മാത്രം. എസ്‌സി-എസ്ടി പീഡന നിരോധന നിയമത്തില്‍ രാജ്യത്തെ 50 ശതമാനം പൊലീസുകാര്‍ക്കും വിശ്വാസമില്ല. ഇത്തരം കേസുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. കെട്ടിച്ചമച്ചവയാണെന്ന് 30 ശതമാനം പേര്‍ വിശേഷിപ്പിക്കുന്നു.

ശാരീരികമായ കരുത്തും ആക്രമണോത്സുകമായ പെരുമാറ്റവുമാണ് പൊലീസിന് വേണ്ടതെന്നും ഇവയില്ലാത്തതിനാല്‍ ഗൗരവമേറിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും വലിയൊരു ശതമാനം പൊലീസുകാര്‍ വിശ്വസിക്കുന്നു.

21 സംസ്ഥാനങ്ങളിലെ 12,000 ഓളം പൊലീസുകാരുമായി അഭിമുഖം നടത്തി ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് 188 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റി ചെലമേശ്വര്‍, സാമൂഹ്യപ്രവര്‍ത്തക അരുണ റോയ്, മുന്‍ ഡിജിപി പ്രകാശ് സിങ്, അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍ എന്നിവരാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT