യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചെന്ന് പിഎസ്‌സി സംശയിക്കുന്ന വ്യക്തിയുമായുള്ള സംഭാഷണ വിവരങ്ങള്‍ മനോരമ ഓണ്‍ലൈന്‍ പുറത്തു വിട്ടു. ശിവരഞ്ജിത്ത് സുഹൃത്താണെന്ന് സമ്മതിച്ചെങ്കിലും ഉത്തരങ്ങള്‍ മെസേജായി നല്‍കിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. പരീക്ഷയ്ക്ക് മുമ്പ് ആറ് സന്ദേശങ്ങള്‍ അയച്ചിരുന്നു. എല്ലാം വ്യക്തിപരമാണ്. പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട ഒറ്റ സന്ദേശവും അതിലില്ലായിരുന്നു. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാ ഹാളില്‍ നിന്നും വാട്‌സ്ആപ്പ് വഴി ചോദ്യങ്ങള്‍ പുറത്തെത്തിച്ചതാവാമെന്നാണ് പിഎസ്‌സി സംശയിക്കുന്നത്. കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കണമെന്ന് പിഎസ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ നടത്തിപ്പ് ചുമതലയുള്ളവരുടെ അശ്രദ്ധ കൊണ്ടാണ് തട്ടിപ്പ് നടക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് കാസര്‍കോട് കെഎപി 4ആം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് കോപ്പിയടിച്ചാണെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്. റാങ്ക് ലിസ്റ്റില്‍ നിന്ന് ശിവരഞ്ജിത്തിനെയും രണ്ടാം റാങ്കുകാരന്‍ പ്രണവിനെയും ഒഴിവാക്കിയിട്ടുണ്ട്.
പരീക്ഷ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 ഉം പ്രണവിന് 78 സന്ദേശങ്ങള്‍ വന്നാതായി പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീറാണ് വെളിപ്പെടുത്തിയത്. പരീക്ഷ നടന്ന രണ്ട് മണി മുതല്‍ 3.15 വരെ ഫോണിലേക്ക് തുടര്‍ച്ചയായി സന്ദേശമെത്തി. പരീക്ഷ കഴിഞ്ഞ ഉടന്‍ പ്രണവിന്റെ ഫോണില്‍ നിന്ന് കോള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. സന്ദേശം അയച്ചവരെയും തിരിച്ചറിയുകയും കോള്‍ ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏഴ് ബറ്റാലിയനുകളിലെയും ആദ്യ നൂറ് റാങ്കിലുള്ളവരുടെ മൊബൈല്‍ നമ്പറുകള്‍ പരിശോധിക്കും.