കോഴിക്കോട് സ്വകാര്യമാളില്‍ സിനിമ പ്രൊമോഷന് പരിപാടിക്കിടെ നടിമാര്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ നിര്‍മാതാക്കള്‍ പൊലീസില്‍ പരാതി നല്കി. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പന്തീരങ്കാവ് പൊലീസിലും പരാതി നല്‍കിയത്. ഇന്നലെ വൈകീട്ടാണ് മാളിലെത്തിയ നടിമാര്‍ക്ക് നേരെ അതിക്രമമുണ്ടായത്.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ തനിക്കും കൂടെയുണ്ടായിരുന്ന സഹനടിക്കും എതിരെ ആള്‍ക്കൂട്ടത്തില്‍ നിന്നും അക്രമണമുണ്ടായതായി നടി പോസ്റ്റില്‍ പറയുന്നു. പ്രൊമോഷന്റെ ഭാഗമായി പല ഇടങ്ങളും സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്രയും മോശം അനുഭവമുണ്ടായതെന്നും, ഒട്ടും സഹിക്കാനാവാതെ മരവിച്ചുപോയെന്നും പോസ്റ്റില്‍ പറയുന്നു. ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി പ്രതികരിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത് :
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം.
സംഭവത്തില്‍ മുന്‍പ് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചിരുന്നു. പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.