മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യമുന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന സുഭാഷ് വാസു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. റഷീദിന്റെ പരാതി കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ പരാതിയും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ചോദ്യങ്ങള്‍ ആകാമെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സ്ഥാപനത്തിന്റെ പേര് പറയണമെന്നും നിര്‍ദേശിച്ചു. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയതെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോടുള്ള പ്രതികരണം തേടി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചു. ഇതോടെ സെന്‍കുമാര്‍ പ്രകോപിതനായി. താങ്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്നായി ചോദ്യം. അടുത്തേക്ക് വന്ന് ചോദ്യം ചോദിക്കണമെന്നായി. ഇതോടെ മാധ്യമപ്രവര്‍ത്തകന്‍ സെന്‍കുമാറിന് തൊട്ടുമുന്നിലെത്തി ഐഡി കാര്‍ഡ് കാണിച്ചു. അപ്പോഴും താങ്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ആവര്‍ത്തി. പിടിച്ച് പുറത്താക്കണമെന്നും പറഞ്ഞു. താന്‍ മദ്യപിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. താങ്കളെ കണ്ടാല്‍ അങ്ങനെ തോന്നുമെന്നായി സെന്‍കുമാര്‍. ഇതോടെ സെന്‍കുമാറിനും സുഭാഷ് വാസുവിനും ഒപ്പമെത്തിയവര്‍ റിപ്പോര്‍ട്ടറെ വലിച്ച് പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇത് തടഞ്ഞു.
താന്‍ എസ്എന്‍ഡിപിയെക്കുറിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും രമേശ് ചെന്നിത്തലയ്ക്ക് മറുപടി പറയാനല്ലെന്നും വിഷയം വഴിമാറ്റരുതെന്നും സെന്‍കുമാര്‍ പറയുന്നുണ്ടായിരുന്നു. എന്തടിസ്ഥാനത്തിലാണ് തന്നെ മദ്യപാനിയാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. പെരുമാറ്റം കൊണ്ട് തോന്നിയതാണെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി. ശേഷം രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്‍ത്തകന്‍ വീണ്ടുംഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് ഇരിങ്ങാലക്കുടയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം അദ്ദേഹം മിണ്ടിയിട്ടില്ലെന്നും സംശയം തീര്‍ന്നോയെന്നുമായിരുന്നു ക്രുദ്ധനായിക്കൊണ്ട് സെന്‍കുമാറിന്റെ മറുപടി.