ജി സുധാകരനെതിരെ വിമര്‍ശനമുന്നയിച്ച് കവിതയെഴുതിയ സിപിഐഎം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി പ്രതികാര നടപടിയെടുക്കുന്നെന്ന് ആരോപണം. ദുരിതാശ്വാസക്യാംപില്‍ പണം പിരിച്ചെന്ന് കുറ്റം ചാര്‍ത്തപ്പെട്ട ഓമനക്കുട്ടനേക്കുറിച്ചുള്ള കവിതയേത്തുടര്‍ന്നാണ് വിവാദം. ഫേസ്ബുക്ക് കവിത അഭിസംബോധന ചെയ്യുന്നത് മന്ത്രിയെ ആണെന്നാണ് വിലയിരുത്തല്‍. കവിതയെഴുതിയ കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജി പണിക്കര്‍ക്കെതിരെ മറ്റൊരു ആരോപണത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചുകയറി വനിതാ ജീവനക്കാരിയോട് മോശമായി പെരുമാരിയെന്നാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയുന്ന സംഭവത്തിന്റെ പേരില്‍ പെട്ടെന്നുണ്ടായ പൊലീസ് നടപടിക്ക് പിന്നില്‍ പാര്‍ട്ടിയുടെ അമര്‍ഷപ്രകടനമാണെന്ന് ആരോപണമുണ്ട്. പാര്‍ട്ടി തലത്തിലും പ്രവീണിനെതിരെ നടപടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'ദുരിതാശ്വാസക്യാംപിലെ കഴുത' എന്ന പേരില്‍ പ്രവീണ്‍ എഴുതിയ കവിത വിവാദമായിരുന്നു. ജി സുധാകരന്റെ പേര് പറയുന്നില്ലെങ്കിലും ഓമനക്കുട്ടന്‍ സംഭവത്തില്‍ 'സ്‌റ്റേറ്റ് കാറില്‍ സഞ്ചരിക്കുന്ന' ഒരാള്‍ നടത്തിയ പ്രതികരണങ്ങളോടുള്ള വിയോജിപ്പാണ് കവിതയിലുള്ളത്. ജി സുധാകരന്‍ എഴുതിയ 'സന്നിധാനത്തിലെ കഴുത'യോട് സമാനതയുള്ളതാണ് വരികള്‍. കവിത മന്ത്രിക്കെതിരെ അല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകളെക്കുറിച്ചാണെന്നുമാണ് ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം. കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പത്ത് മിനുറ്റിനകം പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ദുരിതാശ്വാസ ക്യാംപിലെ കഴുത
നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടന്‍
നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍
നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍
കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍
ജീവിതം കൊണ്ട് കവിത രചിച്ചോന്‍
റോയല്‍റ്റി വാങ്ങാത്തോന്‍
ആരാണ് നീ ഒബാമ
ഇവനെ വിധിപ്പാന്‍
ദുരിതാശ്വാസ ക്യാംപില്‍ സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മന്ത്രി ജി സുധാകരന്‍ നടത്തിയ ഇടപെടലുകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും രൂക്ഷവിമര്‍ശനങ്ങളാണ് നേരിടുന്നത്. ചേര്‍ത്തലയിലെ ക്യാംപിലെത്തിയ പൊതുമരാമത്ത് മന്ത്രി ദുരിതബാധിതരോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. വാസ്തവം പുറത്തറിഞ്ഞിട്ടും പൊതുമരാമത്ത് മന്ത്രി ഓമനക്കുട്ടനെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്തു.