മലപ്പുറം: സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ കള്ളപ്പണ നിക്ഷേപമാണുള്ളതെന്ന് കെടി ജലീല്‍. വേങ്ങരയിലെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടി കോടികള്‍ ബിനാമി പേരില്‍ നിക്ഷേപിച്ചുവെന്നാണ് ജലീലിന്റെ ആരോപണം.
''ബാങ്കില്‍ വ്യാജ നിക്ഷേപം ധാരാളമുണ്ട്, കുഞ്ഞാലിക്കുട്ടിയുടെ വരുതിയില്‍ നില്‍ക്കുന്നവര്‍ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആര്‍ നഗര്‍ ബാങ്ക്. ആളുകളില്ലാത്ത നിക്ഷേപം മുഴുവന്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്, ഇതുസംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍. 600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. ഒരു അംഗനവാടി ടീച്ചര്‍ ഇതിനോടകം പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
ടീച്ചറുടെ പേരില്‍ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്,'' കെടി ജലീല്‍ ആരോപിച്ചു.
യുഡിഎഫിന്റെ ആഭിമുഖ്യത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഭരിക്കുന്ന സഹകരണ ബാങ്കാണ് എ.ആര്‍ നഗര്‍ ബാങ്ക്. കഴിഞ്ഞ ദിവസം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഏകദേശം 110 കോടിയോളം രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു.
2018ല്‍ തന്നെ ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.