Around us

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തിന്റെ ലക്ഷണവുമല്ലെന്ന് മുഖ്യമന്ത്രി

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളും ജീവഹാനിയും സംസ്ഥാനം ആർജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. പെണ്‍കുട്ടിക്ക് എന്താണ് കൊടുത്തത് അല്ലെങ്കില്‍ എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പനചരക്കായി മാറ്റുകയാണ്. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീധനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നമ്മുടെ രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് നാം ആര്‍ജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്കു തന്നെ യോജിക്കാത്തതാണ്. തികച്ചും ഖേദകരമായ കാര്യമാണ്. നമ്മുടെ നാടിന് ചേരാത്ത ഒന്നാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും.

സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട്  ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. ഇത് അങ്ങേയറ്റം ഗൗരവമുള്ള ഒരു സാമൂഹ്യവിപത്താണ്. ആ നിലയ്ക്ക് സ്ത്രീധനത്തേയും ഗാര്‍ഹികപീഡനത്തെയും കാണാനും കൈകാര്യം ചെയ്യാനും നമുക്ക് കഴിയണം.

സ്ത്രീ-പുരുഷ ഭേദമെന്യേ, ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ  വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാന്‍ നമുക്കാവണം.ഇതുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങള്‍ പ്രത്യേകമായി ഓര്‍ക്കണം. ഒന്നാമത്തേത്, പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട വിഷയമാണ്. സ്ത്രീധനത്തിനു വേണ്ടി  ചോദിച്ചപ്പോള്‍ ആ കല്യാണം എനിക്കു വേണ്ട എന്നുപറഞ്ഞ പെണ്‍കുട്ടികളെ നാം സമൂഹത്തിനു മുന്നില്‍ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. പെണ്‍കുട്ടിക്ക് എന്താണ് കൊടുത്തത് അല്ലെങ്കില്‍ എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പനചരക്കായി മാറ്റുകയാണ് എന്നോര്‍ക്കണം.

ഇതോടൊപ്പം ആണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഗൗരവമായി ശ്രദ്ധിക്കേണ്ട വിഷയവുമുണ്ട്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ എന്നാല്‍ അതേപോലെയുള്ള കണക്കുകൂട്ടലുകളാണ് വിവാഹത്തിന് അടിസ്ഥാനം എന്നു കരുതരുത്. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്. വീടിനുള്ളിലെ ചര്‍ച്ചകള്‍ പോലും ഇക്കാര്യത്തില്‍ വലിയ സ്വാധീനം മക്കളില്‍  ചെലുത്തും എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളെല്ലാം സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യം.

ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്.

അതിനുതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.ആധുനിക സമൂഹമെന്ന നിലയ്ക്ക് വിജ്ഞാന സമ്പദ്ഘടനയിലേക്ക്‌ കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അതിന് ഉയര്‍ന്ന അറിവും ശേഷിയും ഉള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അവിടെ ലിംഗപരമായ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ ആരംഭിക്കണം. പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. ഇത് അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT