വിസ്‌കി ബോട്ടിലുകളും ഒഴിച്ചുവെച്ച ഗ്ലാസും കൊറിക്കാനുള്ളതുമടക്കം ഒരു മദ്യപാനവട്ടത്തിന്റെ ചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍. വ്യാഴാഴ്ച രാവിലെയാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. സൈക്ലോണ്‍ നാശം വിതച്ച ബംഗാളില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു എന്ന തലക്കെട്ടിലായിരുന്നു ഫോട്ടോ. ഇതോടൊപ്പം, റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഫോട്ടോകളും കാണാം. എന്നാല്‍ ആദ്യ ഫോട്ടോയായി എടുത്തുകാട്ടുന്നത് വിസ്‌കി ബോട്ടിലുകളുടെ ചിത്രമാണ്. പോസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ തന്നെ എന്താണിതെന്ന് ചോദിച്ച് ആളുകള്‍ കമന്റിട്ടിരുന്നു. ഇതെല്ലാമാണ് ശരിക്കും നടക്കുന്നതെന്ന് ചിലര്‍ കുറിച്ചു.
ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തി. എല്ലാവര്‍ക്കും റിലാക്‌സ് ചെയ്യണം എന്നതിന്റെ തെളിവാണിതെന്നായിരുന്നു മറ്റൊരു കമന്റ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഫോട്ടോയുള്ള ഔദ്യോഗിക പേജില്‍ 18 മിനിട്ടിലേറെ ചിത്രം അതേരീതിയില്‍ കാണപ്പെട്ടു. തുടര്‍ന്ന് 9.32 ഓടെയാണ് ചിത്രം നീക്കം ചെയ്തത്. ഇത് അശ്രദ്ധമൂലം സംഭവിച്ചതാണെന്നാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. ജൂനിയറായ ഒരു ജീവനക്കാരനാണ് പോസ്റ്റ് ചെയ്തതെന്നും സ്വകാര്യ പേജും വകുപ്പിന്റെ പേജും കൈകാര്യം ചെയ്യുന്നതിനിടെ സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. സംഭവിച്ച വീഴ്ചയ്ക്ക് ഇയാള്‍ മാപ്പ് എഴുതി നല്‍കിയെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. 2.79 ലക്ഷം പേരാണ് ഈ പേജ് പിന്‍തുടരുന്നത്.