ഫേസ്ബുക്കില്‍ നിന്ന് വീണ്ടും അക്കൗണ്ട് ഉടമകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 41.9 കോടി അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങളാണ് ഇക്കുറി ചോര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 13.3 കോടി യൂസര്‍മാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്‌നാമിലെ 5 കോടി പ്രൊഫൈലുകളുടേയും ഫോണ്‍ നമ്പറുകള്‍ പരസ്യമായെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോര്‍ന്നവയുടെ കൂട്ടത്തില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇല്ലെന്നാണ് വിവരം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് മങ്ങല്‍ ഏല്‍പിച്ചതിന് പിന്നാലെയാണ് പുതിയ ചോര്‍ച്ച പുറത്തുവന്നിരിക്കുന്നത്.
വിവരശേഖരണം (ഡാറ്റാ മൈനിങ്), കൈമാറല്‍, വിശകലനം എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ബ്രിട്ടീഷ് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. വിവിധ മാര്‍ഗങ്ങളിലൂടെ വിവരശേഖരണം നടത്തുകയും, ഈ വിവരങ്ങള്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമാണ് പ്രധാന പ്രവര്‍ത്തനം.
ഇന്ത്യക്കാരായ 5.6 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വെളിപ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ആഗോള തലത്തില്‍ 8.7 കോടി ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്കിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് കോടി ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും അവ നശിപ്പിച്ചെന്നുമായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വാദം. ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് വേണ്ടി കേംബ്രിഡ്ജ് അനലിറ്റക്കയെ ഉപയോഗിച്ചിരുന്നു.