കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശാണ് അപ്പീല്‍ നല്‍കിയത്. ഇന്നലെ രാവിലെയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീലില്‍ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി പറഞ്ഞതിനാല്‍ അത് തിരുത്തി നല്‍കും. അടുത്താഴ്ച്ച കേസ് കോടതി പരിഗണിച്ചേക്കുമെന്ന് മാതൃഭൂമിന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം നല്‍കിയിരുന്നു.
2019 ഫെബ്രുവരി 17നാണ് ശരത് ലാല്‍, കൃപേഷ് എന്നീ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 14 പ്രതികളാണ് കേസിലുള്ളത്.