കാബൂള്‍: അഫ്ഗാന്‍ പൂര്‍ണമായും താലിബാന്റെ പിടിയിലായതോടെ അഫ്ഗാന്‍ ജനത മറ്റു രാജ്യങ്ങളിലേക്ക് കൂട്ടപലായനം നടത്താനുള്ള ശ്രമത്തിലാണ്. കാബൂള്‍ വിമാനത്താവളത്തില്‍ വലിയ തിക്കും തിരക്കുമാണുള്ളത്. ഇതിനിടെ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീതിജനകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വിമാനത്തിന്റെ ടയറില്‍ ശരീരം ചേര്‍ത്ത് കെട്ടി യാത്ര ചെയ്യാന്‍ ശ്രമിച്ചവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ നിന്ന് ചിലര്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറികൂടാന്‍ ജനങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെയ്പ്പ് നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
തിക്കും തിരക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്താവളത്തിലെ തിക്കിലും പെട്ട് നിരവധി പേര്‍ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. താത്കാലികമായി അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ വിമാനത്താവളങ്ങള്‍. തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍.