പൊലീസുകാര്‍ ഗതാഗതനിയമം ലംഘിക്കുകയാണെന്ന വ്യാപക പരാതിയേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മീററ്റില്‍ 24 മണിക്കൂറിനിടെ കുടുങ്ങിയത് നൂറോളം ഉദ്യോഗസ്ഥര്‍. പിടികൂടപ്പെട്ട എല്ലാവരില്‍ നിന്നും പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കിയെന്ന് മീററ്റ് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ധാരാളം പരാതികള്‍ കിട്ടിയതിനേത്തുടര്‍ന്ന് 30 സംഘങ്ങളായി തിരിഞ്ഞ് ജില്ലയില്‍ മുഴുവന്‍ പരിശോധന നടത്തുകയായിരുന്നെന്ന് മീററ്റ് പൊലീസ് സീനിയര്‍ എസ്എപി അജയ് സാഹ്നി പ്രതികരിച്ചു.
നടപടിയില്‍ ഡിപ്പാര്‍ട്‌മെന്റിലെ നിരവധി ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കി. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. എല്ലാവരും അത് അനുസരിക്കണം.എസ്എസ്പി
സാധാരണക്കാര്‍, പൊലീസുകാര്‍ എന്നീ വിവേചനമില്ലാതെയാണ് പരിശോധന നടത്തിയത്. 24 മണിക്കൂറിനിടെ 100 പൊലീസുകാര്‍ ഉള്‍പ്പെടെ 700 പേര്‍ക്കെതിരെ ഗതാഗത നിയമലംഘനത്തിന് നടപടിയെടുത്തു. തന്റെ ഓഫീസിന് മുന്നിലും പരിശോധന നടത്തിയെന്ന് എസ്എസ്പി ചൂണ്ടിക്കാട്ടി.
നിയമം ലംഘിച്ചവരില്‍ സിഐമാരും എസ്‌ഐമാരും.
സെപ്റ്റംബര്‍ ഒന്നിനാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിനേത്തുടര്‍ന്ന് പൊലീസുകാരുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ജനം രംഗത്തെത്തി. പൊലീസുകാര്‍ നിയമം ലംഘിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ മീററ്റ് പൊലീസ് നിര്‍ബന്ധിതരായത്.