തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാട് ആരും അറിയുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നോതാവ് ജി ഗോമതി. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വാക്കുകളിലൊതുങ്ങിയെന്നും 'ടാറ്റയുടെ നിയമവിരുദ്ധ സാമ്രാജ്യവും തൊഴിലാളികളുടെ കൂട്ടക്കുരുതിയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ ഗോമതി പറഞ്ഞു. രാവിലെ നിങ്ങള്‍ ഊതിയാറ്റിക്കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാളികളുടെ രക്തമാണ് ചായുടെ നിറമെന്നും ഗോമതി പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാട് ആരും കാണുന്നില്ല. പെട്ടിമുടിയില്‍ നല്ല റോഡില്ല, കുന്നുകളാണ്, മഴയും, നിറയെ അട്ടകള്‍, ഭയങ്കര തണുപ്പ്. കൊടുംതണുപ്പില്‍ മഴയെല്ലാം നനഞ്ഞ് രാവിലെ എട്ടുമുതല്‍ തോട്ടത്തില്‍ നില്‍ക്കണം. കാലില്‍ കടിക്കുന്ന അട്ടകള്‍ക്ക് രക്തം കൊടുത്താണ് പണി ചെയ്യുന്നത്. നല്ല സ്‌കൂളോ, ആശുപത്രിയോ ഇല്ല. കുടുംബത്തിലെ എല്ലാവരും കഴിയുന്നത് ഒറ്റമുറി വീട്ടില്‍. നൂറുവര്‍ഷം പഴക്കമുള്ള വീട്ടില്‍ ഞങ്ങള്‍ ഇത്രയും ആളുകള്‍ എങ്ങനെയാണ് കഴിയുന്നതെന്ന് കമ്പനിക്ക് പോലും അറിയില്ല', ഗോമതി പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് നടന്ന സമരത്തിനപ്പുറം രാഷ്ട്രീയം തങ്ങള്‍ക്കറിയില്ലെന്നും ഗോമതി പറയുന്നു. രാഷ്ട്രീയമാണ് ഞങ്ങള്‍ക്കിടയിലെ ഒരുമ തകര്‍ത്തത്. അവര്‍ക്കിനി തങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലെന്നും ഗോമതി പറഞ്ഞു. തങ്ങളുടെ ജീവന് പോലും രണ്ടാം തരം വിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നതെന്നും ഗോമതി ആരോപിച്ചു.