കൊച്ചി: കേരളത്തിലെയും ദേശീയ തലത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി നേതാവ് പി.സി ചാക്കോ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് മാറ്റങ്ങളല്ല, വെറും കസേരകളിയാണെന്ന് പിസി ചാക്കോ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിസി ചാക്കോയുടെ പ്രതികരണം.
കഴിഞ്ഞ നാലു വര്‍ഷമായി എഐസിസി സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും രണ്ടു വര്‍ഷമായി എഐസിസിക്ക് സ്ഥിരം അധ്യക്ഷനില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും പിസി ചാക്കോ ആരോപിച്ചു.
കോണ്‍ഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയോ പാര്‍ലമെന്ററി ബോര്‍ഡോ ഇല്ല. പ്രസിഡന്റാകണമെന്ന് വെച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നു തന്നെ സാധിക്കും.
പക്ഷേ അദ്ദേഹം അത് ചെയ്യില്ല. രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്നും ഇന്നു പറയുന്നതല്ല നാളെ പറയുക എന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.