ചങ്ങനാശ്ശേരി പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് മതിയായ അളവില്‍ അവശ്യസാധനങ്ങള്‍ നേരത്തേ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് കോട്ടയം ജില്ല കളക്ടര്‍ പികെ സുധീര്‍ബാബു. നാട്ടിലേക്ക് തിരികെ പോകണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഭക്ഷണം കിട്ടാത്ത പ്രശ്‌നമില്ല. പാകം ചെയ്ത ഭക്ഷണം എത്തിച്ചപ്പോള്‍ അത് വേണ്ട സാധനങ്ങള്‍ നല്‍കിയാല്‍ അവര്‍ തയ്യാറാക്കിക്കോളാം എന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മതിയായ അളവില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. താന്‍ കഴിഞ്ഞ ദിവസം ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ കൈവശം ഉണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയതുമാണ്.
കഴിഞ്ഞ ദിവസം ഇവരുടെ പഞ്ചായത്ത് തല യോഗമുണ്ടായിരുന്നു. അതിലും ഇവര്‍ ഭക്ഷണം സംബന്ധിച്ച് പ്രശ്‌നം ഉന്നയിച്ചിട്ടില്ല. ഇവരുടെ പ്രതിനിധികള്‍ നേരില്‍ കണ്ട് നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന്റെ സാഹചര്യവും യാത്ര ചെയ്യാനാവില്ലെന്നും അവരെ ബോധ്യപ്പെടുത്തിയതാണ്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 14 ന് ശേഷം മാത്രമേ യാത്രാക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയതാണെന്നും സുധീര്‍ ബാബു അറിയിച്ചു.