ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ യാത്രാവിവരമോ പനി ബാധിച്ചതോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. ബന്ധുക്കള്‍ ചികിത്സ തേടിയപ്പോഴാണ് ആരോഗ്യവകുപ്പ് വിവരം അറിഞ്ഞത്. പനി ബാധിച്ച് ചികിത്സ തേടിയ വിവരവും അറിയിച്ചിരുന്നില്ലെന്നും, ഇത് വിവാദമുണ്ടാക്കേണ്ട സമയമല്ലെന്നും കളക്ടര്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന കാര്യം മറച്ചുവെച്ചിട്ടില്ലെന്നായിരുന്നു പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ യുവാവ് നേരത്തെ പ്രതികരിച്ചത്. വിമാനം കയറുമ്പോള്‍ പരിശോധനയ്ക്ക് വിധേയമായി കൊറൊണ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ചികിത്സയ്ക്ക് തയ്യാറാകുമായിരുന്നു. ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും നിര്‍ദേശിച്ചില്ല. നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് യുവാവ് പറഞ്ഞത്.
അതേസമയം പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ എണ്ണം കൂട്ടുമെന്നും, കൂടുതല്‍ ആശുപത്രികള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹമടക്കമുള്ള പരിപാടികള്‍ 14 ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.