പാലക്കാട് കരിമ്പയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കള്‍. ഇത് പുതിയ സംഭവമല്ല, സമാനമായ അനുഭവം മുന്നെയും കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികളെ ദേഹോപദ്രവമാണ് ഏല്‍പ്പിച്ചത്. അത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരും. ഈ പരിപാടി അവസാനിപ്പിക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ കുട്ടികള്‍ ഇനിയും ഒരു വര്‍ഷം അവിടെ പഠിക്കേണ്ടതാണ്. നാളെ ഇതുപോലുള്ള അനുഭവം ഉണ്ടായാല്‍ അത് ബുദ്ധിമുട്ടാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികളുടെ ദേഹത്ത് കൈവെക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. തുടക്കത്തില്‍ പൊലീസ് ഒത്തു തീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സദാചാര ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആക്രമണം നടന്നതിനെതിരെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന് പ്രതീകാത്മകമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
സ്‌കൂള്‍ വിട്ടതിന് ശേഷം സമീപത്തുള്ള പനയംപാടത്തെ സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ബസ് സ്‌റ്റോപ്പില്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍.
മണ്ണാര്‍ക്കാട് കരിമ്പ എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുമ്പും നാട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പൊലീസ് കേസെടുത്തതെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മുമ്പും നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം ഉപദ്രവിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.