പാലാരിവട്ടം മേല്‍പ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐഐടിയും പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. പാലത്തിന്റെ അപകടാവസ്ഥയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പാലത്തില്‍ ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐഐടിയും പറയുന്നത്. നേരത്തെ പാലത്തില്‍ 100 ചാക്ക് സിമന്റിന് പകരം 33 ചാക്ക് സിമന്റ് മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ശരിവെക്കുകയാണ് മദ്രാസ് ഐഐടിയും.
പാലാരിവട്ടം പാലത്തിന്റെ ഡിസൈന്‍ പ്രകാരം എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. പാലത്തില്‍ രൂപപ്പെട്ട വിള്ളലുകള്‍ ഓരോന്നും അളവിലധികം വേഗത്തില്‍ വികസിക്കുകയാണെന്നും ഐഐടി റിപ്പോര്‍ട്ടിലുണ്ട്. ആയിരം പേജോളം ഉള്ള റിപ്പോര്‍ട്ടാണ് മദ്രാസ് ഐഐടിയുലെ ഡോക്ടര്‍ പി അളഗ സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചത്.
പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗതം നിര്‍ത്തിവെച്ച് സര്‍ക്കാര്‍ അറ്റുകുറ്റപ്പണി തുടങ്ങിയത്. പാലാരിവട്ടം പാലത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തടിയൂരാനുള്ള ശ്രമത്തിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. ക്രമക്കേടില്‍ എല്ലാവര്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നാണ് മുന്‍മന്ത്രിയുടെ വാദം.
മന്ത്രിയായിരുന്ന തന്റെ പണി പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമായിരുന്നെന്നും താന്‍ അതാണ് ചെയ്തതെന്നുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിയുടെ വാദം. മറ്റെല്ലാ ഉത്തരവാദിത്വവും ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞാണ് തടിയൂരാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ ശ്രമം.
പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കല്‍ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അത് അവരുടെ കുറ്റമാണ്.
മന്ത്രിക്ക് ഭരണാനുമതി നല്‍കുന്ന ജോലിയേ ഉള്ളുവെന്നും പിന്നീട് ഒന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നുമുള്ള മട്ടിലാണ് വികെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി നല്‍കുകയോ വേണം. ഇതൊന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ മുട്ടാപ്പോക്ക് ന്യായം.
വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്ന് പറഞ്ഞ ഇബ്രാഹിം കുഞ്ഞ് ഇ ശ്രീധരനൊക്കെ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ലെന്നും പറഞ്ഞു. പാലാരിവട്ടം അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നുവെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അതാണെന്നുമുള്ള കെബി ഗണേഷ് കുമാറിന്റെ വാദം തെറ്റാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എംഡിയും കൊച്ചി മെട്രോ എംഡിയുമായ മുഹമ്മദ് ഹനീഷ് അടക്കം 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെ നല്‍കിയിരുന്നു. നിര്‍മ്മാണ കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്ഐആര്‍ തയ്യാറാക്കിയത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജലന്‍സ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.