പള്ളികള്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി ദുരുപയോഗം ചെയ്യാനുള്ള മുസ്ലിംലീഗിന്റെ ശ്രമം ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തുവെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. തലശ്ശേരിയില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് കൊണ്ടാണ് പി.ജയരാജന്റെ വിമര്‍ശനം. ഇടത് സര്‍ക്കാരും സി.പി.എമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്നും പി.ജയരാജന്‍ പറഞ്ഞു.
തലശ്ശേരി കലാപത്തെ പരാമര്‍ശിച്ച് കൊണ്ടാണ് ബി.ജെ.പിയെ പി.ജയരാജന്‍ വിമര്‍ശിക്കുന്നത്. ഇത്തരം ഭീഷണികള്‍ നടത്തുന്നതിന് മുമ്പ് തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കണം. അന്ന് സി.പി എമ്മിന്റെ കരുത്ത് ആര്‍.എസ്.എസുകാര്‍ക്ക് ബോധ്യമായതാണെന്നും പി.ജയരാജന്‍ പറഞ്ഞു.
പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപി ക്കാര്‍ ഓര്‍ക്കണം.
അത് ബിജെപി രൂപപ്പെടുന്നതിന് മുന്‍പുള്ളതാണ്.
അവരുടെ ആത്മീയ ആചര്യന്മാരായ ആര്‍എസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വര്‍ഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വര്‍ഗീയ വാദികളും കടകള്‍ക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എം ന്റെ കരുത്ത് RSS കാര്‍ക്ക് ബോധ്യമായത്. മുസ്ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കാനുള്ള RSS പദ്ധതിക്ക് തടയിടാന്‍ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാര്‍ദ്ദം പുനര്‍സ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടായിരുന്നു ആ പ്രവര്‍ത്തനം.
LDF സര്‍ക്കാരും സിപിഐ എമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ RSS ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവര്‍ ഓര്‍ക്കണം.
പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തത്.ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്.