110 കെ വി ലൈന്‍ വലിക്കുന്നതിനായി ശാന്തിവനത്തില്‍ വീണ്ടും മരം മുറിയുമായി കെഎസ്ഇബി. ഇതേ തുടര്‍ന്ന് ഉടമ മീന മേനോന്‍ തന്റെ മുടിമുറിച്ച് പ്രതിഷേധിച്ചു. ശാന്തിവനത്തിലെ എട്ട് മരങ്ങളുടെ ശിഖരങ്ങളാണ് ബുധനാഴ്ച വെട്ടിനീക്കിയത്. മരംവെട്ടുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്നും അതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധമെന്നും മീന മേനോന്‍ പറഞ്ഞു. ശിഖരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ചൊവ്വാഴ്ച വൈകീട്ട് കെഎസ്ഇബി ജീവനക്കാര്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ കെഎസ്ഇബി-വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ ശാന്തിവനം സംരക്ഷണസമിതിയും പരിസ്ഥിതിപ്രവര്‍ത്തകരും മീന മേനോന്റ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മരക്കൊമ്പുകള്‍ മുറിച്ചുമാറ്റാനുള്ള നടപടികളുമായി കെഎസ്ഇബി മുന്നോട്ടുപോവുകയായിരുന്നു. ഉടമ മീന മേനോന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്.
200 വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുന്നവര്‍ പച്ചത്തുരുത്ത് പദ്ധതി പ്രഖ്യാപിക്കുന്നത് പ്രഹസനമാണെന്ന് സമരസമിതിയും പറഞ്ഞു. മുറിച്ച മുടി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതമന്ത്രി എം എം മണിക്കും അയച്ചു കൊടുക്കുമെന്ന് മീന മേനോന്‍ ദ ക്യൂവിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ശാന്തിവനത്തിലെ 50 ഓളം മരങ്ങള്‍ മുറിച്ചാണ് കെഎസ്ഇബി ടവര്‍ നിര്‍മ്മിച്ച് 110 കെവി ലൈന്‍ വലിക്കുന്നത്. പദ്ധതിക്കെതിരെ ആദ്യം മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
അപൂര്‍വ ജൈവസമ്പത്തും ജീവജാലങ്ങളുമുള്ള ചച്ചത്തുരുത്താണ് ശാന്തിവനം.ഇതിന് കോടാലിവെച്ചുകൊണ്ടാണ് കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള കാട്, ഉടമ മീന മേനോന്‍ സംരക്ഷിച്ചുവരികയായിരുന്നു. ഇവിടെ മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധ സസ്യങ്ങളുമുണ്ട്.
പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു. നിരവധി പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ലൈന്‍ മാറ്റി വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കെഎസ്‌ഇബി. വീണ്ടും മരംമുറിച്ചതാണ് മുടിമുറിച്ചുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചത്.
തുടര്‍ വായനയ്ക്ക്...