സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണകൂട ഫാസിസമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികള്‍ ലോക്കല്‍ പാര്‍ട്ടി ഓഫീസുകളില്‍ മതിയെന്നും ഓര്‍ത്തഡോക്‌സ് സഭയോട് വേണ്ടെന്നും മാധ്യമവിഭാഗം തലവന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മതവര്‍ഗീയതയേക്കാള്‍ ഭീകരമായ ഫാസിസം കേരളത്തില്‍ നടത്തുന്നു. തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും. പിണറായി വിജയന്‍ നാടിന്റെ മുഖ്യമന്ത്രിയാണ്. അതേ രീതിയില്‍ ഇടപെട്ടാല്‍ മാത്രമേ ആ ബഹുമാനം കിട്ടുകയുള്ളു. അവസരം കിട്ടിയാല്‍ ഏകാധിപത്യമാക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വിമര്‍ശിച്ചു.
സഭകളോട് മാന്യമായി ഇടപെടുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലത്. ജനാധിപത്യമര്യാദയല്ല മുഖ്യമന്ത്രി കാണിക്കുന്നത്. തോന്നിയത് പോലെ ഭരിക്കുമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല.
സഭയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വഴക്ക് തീര്‍ക്കാനല്ല ഇടപെടുന്നത്. രാജ്യതലസ്ഥാനം തിരുവനന്തപുരമല്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്.
ഓര്‍ത്തഡോക്‌സ് സഭ പള്ളി പിടിക്കാന്‍ പോയിട്ടില്ല. കോടതി പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാന്‍ സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രി തെറ്റുതിരുത്തണം. കോടതി നിര്‍ദേശ പ്രകാരം റവന്യു അധികാരികളാണ് പള്ളികള്‍ ഒഴിപ്പിച്ച് നല്‍കിയത്. മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടെങ്കില്‍ ആര്‍ക്കും പള്ളിയില്‍ വന്ന് ശുശ്രൂഷകള്‍ നടത്താമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.