തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കുഞ്ഞിനെ അനുവാദമില്ലാതെ ദത്ത് നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും. തിരുവനന്തപുരം ചൈല്‍ഡ് വെല്‍വെയര്‍ കമ്മിറ്റി ഇതുസംബന്ധിച്ച ഉത്തരവ് കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറി.
വ്യാഴാഴ്ച രാവിലെ ഉത്തരവ് അനുപമയ്ക്ക് കൈമാറും. കുട്ടിയെ കേരളത്തിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എന്‍.എ പരിശോധന നടത്തും. ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന കുട്ടിയുടെ സംരക്ഷണത്തിനായി പ്രത്യേക ജുവനൈല്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷം 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണം പൊലീസ് കമ്മീഷണര്‍ നിര്‍ദേശിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് തീരുമാനം.
ആരോപണവിധേയരായവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനുപമ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകായണ്. കഴിഞ്ഞ ദിവസം അനുപമയും അജിത്തും സി.ഡബ്ല്യു.സിക്ക് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും ഹാജരാക്കുകയും ചെയ്തിരുന്നു.
കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.