Around us

സഖ്യകക്ഷികള്‍ എതിര്‍ത്തിട്ടും യുഎപിഎ ബില്ലിന് വോട്ട് ചെയ്ത് കോണ്‍ഗ്രസ്; നിയമത്തോട് എതിര്‍പ്പില്ലെന്ന് ചിദംബരം

THE CUE

സഖ്യകക്ഷികള്‍ എതിര്‍ത്തിട്ടും ബിജെപി സര്‍ക്കാരിന്റെ യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് കോണ്‍ഗ്രസ്. രാജ്യസഭയില്‍ 147നെതിരെ 42 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യുഎപിഎ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. യുഎപിഎ ഭേദഗതി ഒരു വിഭാഗം ആളുകളെ മാത്രം ലക്ഷ്യം വെക്കുന്നതാണെന്ന് മുസ്ലീം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള നിയമഭേദഗതികളെ അനുകൂലിക്കാനാകില്ല. ഈ നിയമഭേദഗതി ഒരു പ്രത്യേകവിഭാഗക്കാരെ മാത്രം ലക്ഷ്യമിടാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം.
പി വി അബ്ദുള്‍ വഹാബ്

നിയമഭേദഗതിയുടെ ദുരുപയോഗം തടയാനുള്ള നടപടികള്‍ വേണമെന്നും ഇത് പരിശോധിക്കാനായി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ലീഗ് എം പി ആവശ്യപ്പെട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിടുന്നതിനെ അനുകൂലിച്ച് 84 പേരും എതിര്‍ത്ത് 204പേരും വോട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഭരണകൂട ഭീകരത അടിച്ചേല്‍പിക്കുകയാണെന്ന് സിപിഐഎം എംപി എളമരം കരീം വിമര്‍ശനമുയര്‍ത്തി.

വന്‍ തോതിലുള്ള പീഡനങ്ങള്‍ക്കും അനീതിക്കും ഇത് കാരണമാകും. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രസര്‍ക്കാരിന് ഏത് സംസ്ഥാനത്തും പ്രവേശിച്ച് തോന്നുന്ന പോലെയൊക്കെ ചെയ്യാനുള്ള ഓപ്പണ്‍ ലൈസന്‍സാണിത്‌.
എളമരം കരീം

സനാതന്‍ സന്‍സ്ത പോലുള്ള ചില തീവ്രവാദ സംഘടനകളോട് മൃദുസമീപനമാണ് ബിജെപി സര്‍ക്കാരിനുള്ളതെന്നും കരീം ആരോപിച്ചു. എന്തുകൊണ്ടാണ് ഭീകരവാദ സംഘടനകളെ ലിസ്റ്റ് ചെയ്യാത്തത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസൂദ് അസ്ഹറിനെ രാജ്യത്തിന് പുറത്തെത്തിക്കാന്‍ അനുഗമിച്ച് ഇപ്പോഴത്തെ ഒരു ബിജെപി മന്ത്രിയാണ്. മുന്‍പത്തെ പോട്ട, ടാഡ നിയമങ്ങളുടെ പേരില്‍ ആയിരക്കണക്കിന് മുസ്ലീംകളാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും സിപിഐഎം എംപി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ക്ക് ഭയമില്ല. നിങ്ങളുടെ മണി പവറിനേയും മസില്‍ പവറിനേയും ഞങ്ങള്‍ ഭയക്കുന്നില്ല. ഇടത് പാര്‍ട്ടികളിലെ അവസാനത്തെ അംഗമായാലും ഞാന്‍ നിയമത്തെ ഒറ്റയ്ക്ക് എതിര്‍ക്കും.
എളമരം കരീം.

ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡിയും ഡിഎംകെയും പിഡിപിയും രംഗത്തെത്തി. എന്‍ഐഎ സര്‍വ്വശക്തമാക്കപ്പെട്ടൂ എന്ന് സിപിഐ എംപി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഇത്രയേറെ വിമര്‍ശനം ഉയര്‍ന്നെങ്കിലും നിയമത്തോട് എതിര്‍പ്പില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. വ്യക്തിസ്വാതന്ത്ര്യം ലംഘിച്ച് കേന്ദ്രസര്‍ക്കാരിന് അമിതാധികാരം നല്‍കുന്ന ചട്ടങ്ങളോട് മാത്രമാണ് എതിര്‍പ്പുള്ളതെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം പറഞ്ഞു.

സര്‍ക്കാര്‍ വിശ്വസിക്കുന്നു എന്ന് കരുതി ഒരാളെ തീവ്രവാദിയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിനേയും ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയേയും ഒരേ തട്ടില്‍ തൂക്കാനാകുമോ?  
പി ചിദംബരം

യുഎപിഎ ചുമത്തപ്പെട്ട എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്‌ഫോടനക്കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലെത്തിച്ച പാര്‍ട്ടിക്ക് അവര്‍ക്ക് വേണ്ടി എന്ത് വ്യവസ്ഥകളാണ് ബില്ലില്‍ വെയ്ക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദിച്ചു. ഭോപ്പാല്‍ എംപി പ്രഗ്യാ സിങ് ഠാക്കൂറിന്റെ പാര്‍ലമെന്റ് സാന്നിധ്യം ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പൗരസ്വതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയം പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഭീകരവാദത്തില്‍ പെടുത്താനുള്ള വ്യവസ്ഥകളാണ് മുന്‍പ് യുഎപിഎ നിയമത്തില്‍ ഉണ്ടായിരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ വ്യക്തികളെ ഭീകരന്‍മാരായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം ലഭിക്കും. ഭീകരവാദം സംശയിക്കപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇതോടെ നീങ്ങി. വ്യക്തികളേയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കും. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ കണ്ടുകെട്ടാനുള്ള അധികാരം എന്‍ഐഎയ്ക്ക് ലഭിക്കും. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ അന്വേഷണ അധികാരം താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുനല്‍കാനും ഭേദഗതി ചെയ്ത നിയമം അധികാരം നല്‍കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT