മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാള്‍ക്ക് മതപരിവര്‍ത്തനത്തിന് മുമ്പുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. സംയോജിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ പിന്നോക്ക വിഭാഗമായി (മുസ്ലിം) പരിഗണിക്കാതെ ജനറല്‍ വിഭാഗമായി പരിഗണിച്ച തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിക്കവെയാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ പരാമര്‍ശം. മറ്റൊരു മതത്തിലേക്ക് മാറിയ ഒരാള്‍ക്ക് സാമുദായിക സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാകുമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയല്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍, ടി.എന്‍.പി.എസ്.സി യുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും കമ്മീഷന്റെ തീരുമാനം ശരിയാണെന്ന് വിലയിരുത്തുകയും ചെയ്തു.
ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ (ഡിഎന്‍സി) പെടുന്ന ഒരു ഹിന്ദുവായിരുന്നു ഹര്‍ജിക്കാരന്‍. 2008-ല്‍ ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. ഇത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും 2015-ല്‍ സോണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹര്‍ജിക്കാരന്‍ ലബ്ബായിസ് സമുദായത്തില്‍ പെട്ടയാളാണെന്ന് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. മുസ്ലീം സമുദായത്തിനുള്ളിലെ ഒരു പിന്നോക്ക വിഭാഗമാണ് ലബ്ബായിസ്. കംബൈന്‍ഡ് സിവില്‍ സര്‍വീസസ് പരീക്ഷ യിലെ പ്രിലിമിനറി എഴുത്തുപരീക്ഷയില്‍ അപേക്ഷകന്‍ വിജയിച്ചിരുന്നു. 2019ലെ മെയിന്‍ പരീക്ഷയും എഴുതി. അവസാന സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നപ്പോള്‍ വിവരാവകാശ രേഖ ഫയല്‍ ചെയ്തു. മുസ്ലിം പിന്നോക്ക വിഭാഗത്തിന് കീഴില്‍ പരിഗണിക്കാത്തത് കൊണ്ടാണ് ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതെന്ന് ഹരജിക്കാരന് ബോദ്ധ്യമായി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം തനിക്ക് ഏത് മതവും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അത് തന്റെ മൗലികാവകാശമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. മതപരിവര്‍ത്തനത്തിന് മുമ്പ് ഹിന്ദു മതത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ പെട്ട ആളായിരുന്നതിനാലും സംസ്ഥാനത്ത് മുസ്ലീങ്ങളെ പിന്നോക്ക വിഭാഗമായി പരിഗണിക്കുന്നതിനാലും തന്നെ പിന്നോക്ക വിഭാഗത്തില്‍ പെട്ടയാളായി കണക്കാക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
തമിഴ്നാട് സര്‍ക്കാരിന്റെ 2010, 2012, 2017, 2019 വര്‍ഷങ്ങളിലെ കത്തുകള്‍ പരിശോധിച്ച് മറ്റ് മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഉദ്യോഗാര്‍ത്ഥികളെ 'Other Category'യായി മാത്രമേ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്പാത്ത് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വേഴ്‌സസ് കസ്റ്റംസ് മുംബൈയില്‍ കമ്മീഷണര്‍ കേസില്‍, രാജ്യത്തെ നിയമക്രമമനുസരിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ കത്തിന് താഴെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉത്തരവുകള്‍ ലംഘിച്ച് ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിനാല്‍ അത്തരം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതിരിക്കാന്‍ പി.എസ്.സി ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.
ജി.മൈക്കിള്‍ വേഴ്‌സസ് എസ്.വെങ്കിടേശ്വരന്‍ കേസില്‍, ഏതെങ്കിലും ജാതിയിലോ ഉപജാതിയിലോ പെട്ടവര്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അയാളുടെ ജാതി ഇല്ലാതാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പത്തെ നിരീക്ഷണവും കോടതി പരിശോധിച്ചു. മതപരിവര്‍ത്തനത്തിന് ശേഷം മുസ്ലീം മതത്തില്‍ സ്ഥാനം നിര്‍ണ്ണയിക്കുന്നത് മതം മാറുന്നതിന് മുമ്പ് ഏത് ജാതിയില്‍ ആയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല. ഈ തീരുമാനം കെ.പി.മനു വേഴ്‌സസ് സ്‌ക്രൂട്ടിനി കമ്മിറ്റി കേസില്‍ സുപ്രീം കോടതി ശരിവക്കുകയും ചെയ്തിട്ടുണ്ട്.
'ഒരാളുടെ യഥാര്‍ത്ഥ ജാതി മതപരിവര്‍ത്തനത്തിന് ശേഷം ഗ്രഹണത്തില്‍ അകപ്പെട്ട പോലെയാകും. വ്യക്തി ആദ്യ മതത്തിലേക്ക് തിരിച്ച് പരിവര്‍ത്തനം ചെയ്തയുടനെ ഗ്രഹണം അപ്രത്യക്ഷമാവുകയും ജാതി സ്വയം പുനരുജ്ജീവിക്കുകയും ചെയ്യും.' കെപി മനു കേസില്‍ സുപ്രീം കോടതിയുടെ വിധിയില്‍ നിന്ന് ഹൈക്കോടതി ഉദ്ധരിച്ചു. കൈലാഷ് സോങ്കര്‍ വേഴ്‌സസ് മായാ ദേവി കേസിലും സമാന പരാമര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു.
തമിഴ്‌നാട് പി,എസ്.സിക്കെതിരെ നേരത്തെ ഉണ്ടായ എസ്.യാസ്മിന്‍ വേഴ്‌സസ് സെക്രട്ടറി ടി.എന്‍.പി.എസ്.സി കേസിലെ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണവും കോടതി ശ്രദ്ധിച്ചിരുന്നു. അന്ന് ഇസ്ലാം മതം സ്വീകരിച്ച ഉദ്യോഗാര്‍ത്ഥിയെ 'Other Category'യില്‍ പെടുത്തിയ ടി.എന്‍.പി.എസ്.സി തീരുമാനം ശരിയാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കോടതികള്‍ പുറപ്പെടുവിച്ച വിധികളും സര്‍ക്കാര്‍ കത്തുകളും, സമാനമായ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണെന്നുമുള്ള കാര്യങ്ങളും പരിഗണിച്ച് പബ്ലിക് സര്‍വീസ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്ന് കോടതി വിലയിരുത്തി.
തമിഴ്‌നാട്ടിലെ മുഴുവന്‍ മുസ്ലീം സമുദായത്തെയും പിന്നാക്ക വിഭാഗമായി വിജ്ഞാപനം ചെയ്തിട്ടില്ല. മുസ്ലീം സമുദായത്തിലെ 7 വിഭാഗങ്ങള്‍ മാത്രമാണ് പിന്നോക്ക വിഭാഗത്തില്‍ പെടുന്നത്. അതില്‍ ഒന്നാണ് ലബ്ബായികള്‍. ഹര്‍ജിക്കാരന്റെ മതപരിവര്‍ത്തനം പ്രഖ്യാപിച്ച് കൊണ്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍, ഹര്‍ജിക്കാരന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന് മാത്രമാണ് പറയുന്നത്. ഏത് വിഭഗത്തിലേക്കാണെന്ന് പറഞ്ഞിട്ടില്ല. മതം മാറിയയാളെ ലബ്ബായി വിഭാഗത്തില്‍ പെട്ടയാളായി കണക്കാക്കണമെന്ന് കാളി പ്രഖ്യാപിക്കാത്തപ്പോള്‍ പി.എസി.സിക്ക് എങ്ങനെയാണ് അയാളെ പ്രത്യേക വിഭാഗത്തില്‍ പെടുത്താന്‍ കഴിയുക എന്നും കോടതി ചോദിച്ചു