വയനാട്ടിലെ പനമരം പഞ്ചായത്തിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വി ദിനേഷ് കുമാറെന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് വയനാട് എംപിയുടെ ആവശ്യം.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുരിതമാക്കുകയും ചെയ്യുന്നു.
കര്‍ഷകരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന നടപടി ഉണ്ടാകുന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ദിനേഷ് കുമാറിന്റെ ഭാര്യ സുജാതയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും വയനാട് എംപി മുഖ്യമന്ത്രിക്കുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും, വിഷമവും അതി ജീവിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സുജാത തന്നോട് പറഞ്ഞതായും രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുന്നുണ്ട്.
സംഭവം അന്വേഷിക്കുകയും ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വയനാട് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.