മാസങ്ങള്‍ നീണ്ട ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ തനിക്ക് ടിപ്പുകള്‍ പറഞ്ഞുതരാനാകുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഒരുപക്ഷേ ഒരു ബ്ലോഗ് തന്നെ ഉണ്ടായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ഗൗരവമേറിയതും ഭയജനകവുമായ സാഹചര്യമാണെങ്കിലും ചെറിയ തമാശകള്‍ വേദനിപ്പിക്കില്ലല്ലോയെന്ന മുഖവുരയോടെ അദ്ദേഹം മറ്റൊരു മീം കൂടി പങ്കുവെച്ചു.
236 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞ് പുറത്തെത്തിയപ്പോഴതാ സര്‍ക്കാരിന്റെ വക 21 ദിവസം ദേശീയ അടപ്പ്. തലയ്ക്ക് കൈകൊടുത്തിരിക്കുന്ന തന്റെ ചിത്രമുള്ള മീമാണ് ട്വീറ്റ് ചെയ്തത്.
8 മാസത്തെ വീട്ടുതടങ്കലിന് ശേഷം ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്. പ്രത്യേക പദവി എടുത്തുകളഞ്ഞ് കശ്മീരിനെ വിഭജിയ്ക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. ഹരിനിവാസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഓഗസ്റ്റ് 5 ല്‍ നിന്ന് ലോകം ഏറെ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളയ്ക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 5 ന് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തിനെതിരെ ചുമത്തിയ പിഎസ്എ പിന്‍വലിച്ചതോടെയാണ് മോചനം സാധ്യമായത്. പിതാവ് ഫറൂഖ് അബ്ദുള്ളയെ ജമ്മു കശ്മീര്‍ ഭരണകൂടം നേരത്തേ മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ തുടരുകയാണ്.