കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് എണ്ണവില. തിങ്കളാഴ്ച വില പൂജ്യത്തിനും താഴെയെത്തിയെങ്കിലും പിന്നീട് ഇത് പൂജ്യത്തിനും (0.56 ഡോളര്‍) മുകളിലായി. ആഗോളതലത്തില്‍ എണ്ണയ്ക്ക് ആവശ്യം വലിയതോതില്‍ കുറഞ്ഞതും, ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കാത്തതുമാണ് വില കുറയാന്‍ കാരണം.
തിങ്കളാഴ്ച ന്യൂയോക്കില്‍ എണ്ണവില -37.63 ഡോളറിലേക്ക് താഴ്ന്നു. ചരിത്രത്തില്‍ ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. അമേരിക്കയിലെ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ മേയിലേക്കുള്ള വില ബാരലിന് 1.10 ഡോളറായി. ന്യൂയോര്‍ക്കില്‍ മേയിലേക്കുള്ള കരാര്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് എണ്ണവില കൂപ്പുകുത്തിയത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്.
പ്രതിദിന എണ്ണഉത്പാദനം ഒരു കോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ഈ തീരുമാനത്തിനും വില പിടിച്ചുനിര്‍ത്താനായില്ലായിരുന്നു. നിലവിലെ വെട്ടിക്കുറക്കലുകള്‍ പര്യാപ്തമല്ലെന്നാണ് സൂചന. അമേരിക്കയിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകായണ്. പശ്ചിമേഷ്യയിലും സമാനമാണ് അവസ്ഥ.
വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ വ്യാപാരികളെത്താത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. ജൂണിലെ വിതരണ കരാറിലാണ് വ്യാപാരികള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എണ്ണവിലയിലുണ്ടായ ഇടിവ് എല്ലാ മേഖലയെയും ബാധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.