മരണം 280 കടന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ. പ്രധാനമന്ത്രി നരേന്ദ്രമോദിയും, മമത ബാനർജി, നവീൻ പട്‌നായിക് ഉൾപ്പെടെയുള്ള വ്യത്യസ്ത സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിനിധി സംഘങ്ങളും ബാലസോറിലേക്ക്.
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണം 280 കവിഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സ്ഥിതിഗതികൾ പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം. പ്രധാനമന്ത്രി ഇന്ന് ബാലസോർ സന്ദർശിക്കും. പരിക്കേറ്റവരെ കാണാൻ കട്ടക് ആശുപത്രിയിലെത്തും. ഷാലിമാർ-ചെന്നൈ കോറമാന്റൽ എക്സ്പ്രസ്സും ബാംഗളൂർ ഹൗറാ സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സുമാണ് ഒഡീഷയിലെ ബാലസോറിൽ കൂട്ടിമുട്ടിയത്. 280ലേറെ ആളുകൾ മരണപ്പെട്ടു എന്നും 900ൽ അധികം ആളുകൾക്ക് പരിക്കേറ്റു എന്നുമാണ് നിഗമനം.
പാളം തെറ്റുകയും ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയും ചെയ്ത കോറമാന്റൽ എക്സ്പ്രസിന്റെ ബോഗികൾ അടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. യശ്വന്തപുരത്ത് നിന്ന് ഹൗറയിലേക്ക് പോകുന്ന ട്രെയിൻ ഈ ട്രാക്കിലൂടെയാണ് കടന്നു പോകേണ്ടത്. അതിലൂടെ കടന്നു പോയ ബാംഗ്ലൂർ ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ച് കയറിയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം സംഭവിക്കുന്നത്. ബാലസോറിനടുത്തുള്ള ബഹനഗാ ബസാറിലാണ് അപകടം നടന്നത്. ഇന്ത്യയിൽ നടന്നതിൽ വെച്ച് ഏറ്റവും തീവ്രമായ ട്രെയിൻ അപകടങ്ങളിലൊന്നാണിത്.
സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയും തീവ്രമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ഗുരുതരാവസ്ഥയിലല്ലാത്തവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നവീൻ പട്‌നായിക് ഒഡീഷയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടസ്ഥലത്ത് രാത്രിമുഴുവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ പ്രദേശവാസികളോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെ രക്ഷാപ്രവർത്തനം ഏകദേശം അവസാനഘട്ടത്തിലായി എന്നും ഇപ്പോൾ ബോഗികൾ മാറ്റി റീസ്റ്റോർ ചെയ്യുന്ന പ്രവർത്തിയാണ് നടക്കുന്നതെന്നും റെയിൽവേ വക്താവ് അമിതാബ് ശർമ്മ ന്യൂസ് ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
200ൽ അധികം ആംബുലൻസുകളും എയർ ഫോഴ്‌സിന്റെ എം.ഐ ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാനും വേണ്ടി, മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ നിർദ്ദേശത്തെ തുടർന്ന് ആന്ധ്രയിൽ നിന്നും ഒരു സംഘം ഉദ്യോഗസ്ഥർ ഒഡീഷയിലേക്ക് പുറപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനെർജി അപകട സ്ഥലം സന്ദർശിക്കാൻ പുറപ്പെട്ടു. അപകടം നടന്ന രാത്രി തന്നെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി ഫോണിൽ സംസാരിച്ച് മമത വിവരങ്ങൾ മനസിലാക്കിയിരുന്നതായി ന്യൂസ് ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
മരിച്ചവരിൽ 35 പേരും പരിക്കേറ്റവരിൽ 85 പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. ചെന്നൈയിലെ കോൺട്രോൾറൂമിലെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്‌നാട്ടിൽ നിന്നും മന്ത്രിതലസംഘം കാര്യങ്ങൾ വിലയിരുത്താൻ ഒഡീഷയിലേക്ക് പോകും. തമിഴ്‌നാട്ടിൽ ഇന്ന് നടക്കാനിരുന്ന പൊതുപരിപാടികളെല്ലാം ഒഴിവാക്കി. രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. തന്റെ ഹൃദയം അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തോടപ്പമുണ്ട് എന്നും രാഹുൽഗാന്ധി പറഞ്ഞു.
അപകടത്തിൽ കോറമാന്റൽ എക്സ്പ്രസ്സിന്റെ പതിമൂന്നോളം ബോഗികളും യശ്വന്ത്പുർ എക്സ്പ്രസ്സിന്റെ മൂന്ന് ബോഗികളും പൂർണ്ണമായും തകർന്നു. എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 2000ൽ അധികം രക്ഷാപ്രവർത്തകർ അപകടസ്ഥലത്തുണ്ട്. കോറമാന്റൽ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിമുട്ടുന്നത് രാത്രി ഏഴുമണിക്കാണ്. കോച്ചുകൾ മുഴുവൻ മാറ്റുന്നതോടെ മരണങ്ങളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ഓസ്ട്രേലിയ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപകടത്തിൽ നടുക്കവും അനുശോചനവും രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സാബ കൊറോസി അപകടത്തിൽ മരിച്ചവരുടെയും പരിക്കുപറ്റിയവവരുടെയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.