തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ തമിഴ്നാട്ടിലെ എക്സിറ്റ് പോൾ പ്രവചനങ്ങളുമായി ബന്ധപ്പെട്ട ആശങ്കൾ പങ്കുവെച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. ചില എക്സിറ്റ് പോൾ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ബി.ജെ.പി സാന്നിധ്യം ഉണ്ടാകുമെന്ന പ്രവചനങ്ങൾ കേരളത്തെയും ബാധിക്കുമോ എന്ന ആശങ്കയാണ് എൻ.എസ് മാധവൻ പങ്കുവെച്ചത്.
എനിക്ക് പേടി ഏറ്റവും പ്രിയപ്പെട്ട തമിഴ്നാടിനെയോർത്താണ്. ചില ഏക്സിറ്റ് പോൾ ഫലങ്ങൾ എ.ഐ.എ.ഡി.എം.കെ പ്ലസ് എന്ന് പറയുന്നുണ്ട്. ആ പ്ലസ് ചിഹ്നം സൂചിപ്പിക്കുന്നത് ബി.ജെ.പി എം.എൽ.എയും ഉണ്ടാകുമെന്നല്ലേ? പ്രിയപ്പെട്ട തമിഴ്നാട്ടുകാരേ, നമ്മുടെ ഭൂപ്രദേശത്ത് അന്യഗ്രഹജീവികളുടെ പ്രവേശനത്തെക്കുറിച്ച് അറിയാൻ നിങ്ങളെ ആണ് ഞങ്ങൾ പ്രധാനമായും നോക്കാറ്. 2021 ഉം വ്യത്യസ്തമാകില്ലെന്ന് പ്രതീക്ഷിക്കുന്നു,എൻ.എസ് മാധവൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ. കഴിഞ്ഞ തവണ ബി.ജെ.പി നേതാവ് ഒ.രാജഗോപാലിലൂടെ നേമം മണ്ഡലം പിടിച്ചെടുത്ത് ബി.ജെ.പി ചരിത്രത്തിലാധ്യമായി കേരള നിയമസഭയിൽ എത്തിയിരുന്നു. ഇത്തവണ ബി.ജെ.പി കേരളത്തിൽ ഏതെങ്കിലും സീറ്റിൽ വിജയിച്ചേക്കുമോ എന്ന് ഉറ്റുനോക്കുന്നവർ അനേകമാണ്. ഈ ഘട്ടത്തിലാണ് എക്സിറ്റ് പോളുകളിലെ ബി.ജെ.പി സാന്നിധ്യത്തെക്കുറിച്ച് ആശങ്കപങ്കുവെച്ച് എൻ.എസ് മാധവൻ മുന്നോട്ട് വന്നത്.
തമിഴ്നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ മികച്ച വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന് 56 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചന നൽകിയിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറിയ നടി ഖുശ്ബു ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായാണ് തമിഴ്നാട്ടിൽ മത്സരിച്ചത്.