നികുതി അടക്കാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോയുടെ മറ്റൊരു ബസിനും നോട്ടീസ്. മലപ്പുറം ആർ.ടി.ഒയാണ് നോട്ടീസ് അയച്ചത്. 37000 രൂപ പിഴ ചുമത്തിയതായും മലപ്പുറം ആർ.ടി.ഒ അറിയിച്ചു.
വിമാനത്താവളത്തിൽ ഓടുന്ന പല ബസുകളും കൃത്യമായി നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശാേധന. വിമാനത്താവളത്തിൽ ഓടുന്ന എല്ലാ വണ്ടികളും പരിശോധിക്കുമെന്നും ആർ.ടി.ഒ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ നോട്ടീസ് അടക്കുകയാണ് ചെയ്യുന്നത്. പിഴ അടച്ചില്ലെങ്കിൽ വണ്ടി പിടിച്ചെടുക്കും.
നികുതി അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇൻഡിഗോയുടെ ഒരു ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തിയിരുന്ന ബസ് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കോഴിക്കോട് ഫറൂക്കിലെ വർക്ക് ഷോപ്പിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ആർ.ടി.ഒ നിർദേശപ്രകാരം ഫറൂക്ക് ജോയിന്റ് ആർ.ടി.ഒ ഉൾപ്പെട്ട സംഘമാണ് വണ്ടി പിടിച്ചെടുത്തത്.
ആറുമാസമായി വാഹനത്തിന്റെ നികുതിയടച്ചിട്ടില്ലെന്നും കുടിശ്ശികയും പിഴയും അടച്ചാൽ വണ്ടി വിട്ടുനൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പിഴയും നികുതിയുമടക്കം നാല്പതിനായിരം രൂപയോളം അടക്കണം.
ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രതിഷേധിച്ചവരെ തള്ളി മാറ്റിയ സംഭവത്തിൽ ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സംഭവത്തിന് ബന്ധമില്ലെന്നും എയർപോർട്ടിൽ ആയതുകൊണ്ടാണ് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കാതിരുന്നത് എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചിരുന്നു.