Around us

‘സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വില’; ജസ്റ്റിസ് ലോയയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ജോലിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

THE CUE

ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരിടത്തും ജോലി ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ. സത്യം പറയുന്നതിന് നമുക്ക് കൊടുക്കേണ്ടി വരുന്ന വില ഇതാണെന്ന് നിരഞ്ജന്‍ ടാക്ലെ പ്രതികരിച്ചു. യാചിക്കാന്‍ തനിക്കറിയില്ല. അത് ഒരിക്കലും ചെയ്യില്ലെന്നും നിരഞ്ജന്‍ ടാക്ലെ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം.

2017ലെ ഏറ്റവും വലിയ വാര്‍ത്ത, ജസ്റ്റിസ് ലോയയുടെ മരണ വാര്‍ത്ത നവംബര്‍ 17ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം എനിക്ക് ജോലി ലഭിച്ചിട്ടില്ല. സത്യം പറയുന്നതിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വില.
നിരഞ്ജന്‍ ടാക്ലെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന, സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വാദം കേട്ടിരുന്ന സമയത്തായിരുന്നു സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം. 2014 ഒക്ടോബര്‍ 31ന് വിചാരണയ്ക്ക് ഹാജരാവുന്നതില്‍ നിന്നും അമിത് ഷായ്ക്ക് ലോയ ഇളവ് നല്‍കിയിരുന്നു. ആ ദിവസം മുംബൈയില്‍ ഉണ്ടായിരുന്നിട്ടും ഷാ എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല എന്ന് ലോയ കോടതിയില്‍ വെച്ച് ചോദിക്കുകയുണ്ടായി. കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് മാറ്റുകയും അന്ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നവംബര്‍ 30 രാത്രിയ്ക്കും ഡിസംബര്‍ ഒന്ന് പുലര്‍ച്ചയ്ക്കും ഇടയില്‍ നാഗ്പൂരില്‍ വെച്ച് ലോയ മരിച്ചു. 47കാരനായിരുന്ന ലോയ ഹൃദയസ്തംഭനം മൂലം മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ലോയയുടെ മൃതദേഹത്തില്‍ തലയ്ക്ക് പിറകില്‍ മുറിവുണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തി. ലോയയുടെ മരണത്തിന് കാരണം തലച്ചോറിനേറ്റ മുറിവും വിഷപ്രയോഗവും ആകാമെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധര്‍ പിന്നീട് രംഗത്തെത്തി.

2014 ഡിസംബര്‍ 15ന് ജസ്റ്റിസ് എം ബി ഗോസാവി സൊഹ്റാബുദ്ദീന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചു. ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചു.

മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള 'ദ വീക്കിന്റെ' ലേഖകനായിരുന്നു നിരഞ്ജന്‍ ടാക്ലെ. 2016 നവംബറിനും 2017 നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി ടാക്ലെ സംസാരിച്ചു. അഭിമുഖങ്ങളിലെ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളുമായി ടാക്ലെ തയ്യാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ 'ദ വീക്ക്' തയ്യാറായില്ല. ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മകന്‍ അനൂജ് ലോയയുടെ കത്ത്, സഹോദരി ഡോ. അനുരാധ ബിയാനിയുടെ ഡയറിക്കുറിപ്പ് എന്നിവയുള്‍പ്പെടെ വാര്‍ത്തയെ സാധൂകരിക്കാനുള്ള എല്ലാ രേഖകളും വിവരങ്ങളും ടാക്ലെയുടെ പക്കലുണ്ടായിരുന്നു. കാരണം പോലും വ്യക്തമാക്കാതെ വാര്‍ത്ത നിരാകരിച്ചതിനേത്തുടര്‍ന്ന് ടാക്ലെ ഏഴ് വര്‍ഷത്തെ സേവനം മതിയാക്കി വീക്കില്‍ നിന്ന് രാജി വെച്ചു. 2017 നവംബര്‍ 17ന് കാരവന്‍ മാസിക ടാക്ലെയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായില്‍ നിന്ന് ലോയക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അനുകൂല വിധി പുറപ്പെടുവിച്ചാല്‍ 100 കോടി രൂപ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തെന്നും സഹോദരി വാര്‍ത്തയില്‍ വെളിപ്പെടുത്തി. ഒരാഴ്ച്ചയ്ക്ക് ശേഷം കാരവന്‍ വാര്‍ത്ത തെറ്റാണെന്ന് സ്ഥാപിക്കാന്‍ ദ ഇന്ത്യന്‍ എക്സ്പ്രസ് കൊടുത്ത രണ്ട് റിപ്പോര്‍ട്ടുകള്‍ ജസ്റ്റിസ് ലോയയുടെ മരണത്തേക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുകയാണുണ്ടായത്. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടുകളും പിന്നീട് കാരവന്‍ മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ചെയ്ത 22 സ്റ്റോറികളില്‍ ഓരോന്നിലും ഉറച്ചുനില്‍ക്കുന്നു എന്ന് കാരവന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT