വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തു നിന്ന് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി. ഇതിനായി പ്രതിദിനം രണ്ട് കോടി രൂപ ചെലവാകുമെന്നും, സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 19ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ദിവസേന 3800 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്തു നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം ഉല്‍പാദനത്തില്‍ കുറവ് വന്നതോടെ കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. വൈദ്യുതി കുറവ് 400 മെഗാവാട്ടിന് മുകളില്‍ പോയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ അത് ആക്ഷേപങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഉന്നതതല യോഗം വിലയിരുത്തി.