അയ്യപ്പനെ പ്രസവിക്കുന്നതായി ചിത്രീകരിക്കുന്ന ബോര്‍ഡ് വരച്ചതും കോളേജില്‍ സ്ഥാപിച്ചതും പഴയ പ്രവര്‍ത്തകരാണെന്ന് കേരളവര്‍മ്മ എസ്എഫ്‌ഐ. യൂണിറ്റ് കമ്മിറ്റിയുടെ അറിവോടെയല്ല പോസ്റ്റര്‍ വെച്ചതെന്ന് എസ്എഫ്‌ഐ കേരളവര്‍മ്മ യൂണിറ്റ് സെക്രട്ടറി ഹസന്‍ മുബാറക് 'ദ ക്യൂ'വിനോട് പറഞ്ഞു. കോളേജിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം നോക്കിയിരിക്കുകയാണ് സംഘ്പരിവാര്‍. സംഘ്പരിവാറിന്റെ കുപ്രചരണങ്ങളും വിവാദവും ഒഴിവാക്കാന്‍ വേണ്ടിയാണ് ബോര്‍ഡ് കോളേജില്‍ നിന്ന് നീക്കം ചെയ്തതെന്നും ഹസന്‍ വ്യക്തമാക്കി.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പറഞ്ഞത്
“ഇന്ന് നവാഗത വിദ്യാര്‍ത്ഥികള്‍ വരുന്നതിന്റെ ഭാഗമായി കോളേജില്‍ ധാരാളം ബോര്‍ഡുകള്‍ വെച്ചിരുന്നു. പഠിച്ചിറങ്ങിപ്പോയ എസ്എഫ്‌ഐ പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡുകള്‍ തയ്യാറാക്കിയത്. മേല്‍പറഞ്ഞ ബോര്‍ഡ് അവര്‍ തയ്യാറാക്കിയതാണ്. അവര്‍ക്ക് എസ്എഫ്‌ഐയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പറയാനാകില്ല. രാവിലെ ഒമ്പതരയോടെയാണ് ബോര്‍ഡ് കണ്ടത്. ഉടന്‍ എസ്എഫ്‌ഐ തന്നെ അത് നീക്കം ചെയ്തു. കുപ്രചാരണങ്ങള്‍ നടത്താനും കോളേജിനെ അപകീര്‍ത്തിപ്പെടുത്താനും സംഘ്പരിവാര്‍ അത് അവസരമാക്കും എന്നതുകൊണ്ടാണ് മാറ്റിയത്. കുറേ കാലമായി സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് കേരളവര്‍മ്മ ക്യാംപസ്. വിവാദവും സംഘര്‍ഷവും ഒഴിവാക്കണമായിരുന്നു. ബോര്‍ഡിലെ ആശയത്തോടുള്ള എന്റെയോ യൂണിറ്റ് കമ്മിറ്റിയുടേയോ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ല. സംഘടന ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് എല്ലാ കാര്യത്തിലും സമത്വം വേണം.”
‘പിറവി അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു പെണ്ണുടലിന് മാത്രം കഴിയുന്നത്. അമ്മയും അച്ഛനും ഞാനും നീയും പിറന്നുവീണതൊരേ വഴിയിലൂടെ. എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ..എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപടവിശ്വാസങ്ങള്‍ക്ക് നേരെ മുഖം തിരിക്കാന്‍. ശബരിമല സ്ത്രീപ്രവേശനം ഐക്യദാര്‍ഢ്യ സമത്വം’ (പോസ്റ്ററിലെ വാക്കുകള്‍)
തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. അയ്യപ്പന്റെ ജനനം പ്രതിപാദിക്കുന്ന പോസ്റ്റര്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നു എന്നാണ് ആരോപണം. പോസ്റ്ററിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബോര്‍ഡിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.