ക്ലബ്ബ് ഹൗസിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ നമ്പറുകള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി കമ്പനി. ക്ലബ് ഹൗസ് ഉപയോക്താക്കളുടെ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനി വക്താവിന്റെ വിശദീകരണം.
ഒരു കൂട്ടം ബോട്ടുകള്‍ റാന്‍ഡമായി ഫോണ്‍ സമ്പറുകള്‍ ജനറേറ്റ് ചെയ്യുന്നതാണ്. ഗണിത ശാസ്ത്രപരമായ ചില കാരണങ്ങളാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ചില ഉപയോക്താക്കളുടെ നമ്പറുകളും അതിലുണ്ട്. എന്നാല്‍ ക്ലബ്ബ് ഹൗസിന്റെ എപിഐ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറില്ലെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കമ്പനി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ക്ലബ്ബ് ഹൗസ് വക്താവ് വ്യക്തമാക്കി.
ക്ലബ്ബ് ഹൗസിലൂടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാകാനാണ് സാധ്യതയെന്നാണ് സെക്യൂരിറ്റി ഗവേഷകനായ രാജശേഖര്‍ രാജാരിയ അഭിപ്രായപ്പെടുന്നത്. ഉപയോക്താക്കളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നുമില്ലാതെ ഫോണ്‍ നമ്പര്‍ മാത്രമാണ് ഡാര്‍ക്ക് വെബിലെ ഡാറ്റബേസില്‍ ഉള്ളത്. അതുമാത്രം പരിഗണിച്ച് ഡാറ്റ ചോര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു
സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.
റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.
ശബ്ദം മാത്രം ചിത്രങ്ങളില്ല, എഴുത്തുകളില്ല
ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.
എങ്ങനെ ചേരാം ക്ലബ്ബില്‍
ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.