നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍.
റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ എന്നാണ് നികേഷ് ട്വിറ്ററില്‍ കുറിച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.
കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.
റിപ്പോര്‍ട്ടര്‍ ചാനലിനും നികേഷ് കുമാറിനുമെതിരെ ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ദിലീപ് അയച്ച വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു.
നിരന്തരമായ റിഹേഴ്സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രൊപ്പഗാന്‍ഡയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഇവര്‍ നടത്തുന്നുവെന്ന് ദിലീപ് പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്സാണ്. അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.