ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. ബിനോയിക്കെതിരായ പരാതിയെക്കുറിച്ച് നേരത്തേ അറിയില്ലായിരുന്നുവെന്ന കോടിയേരിയുടെ വാദം തെറ്റാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. വിഷയത്തില്‍ കോടിയേരിയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ധരിപ്പിച്ചു. എന്നാല്‍ ബിനോയിയുടെ വാദം മാത്രമാണ് കോടിയേരി വിശ്വസിച്ചത്.
ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്ന് കോടിയേരി പറഞ്ഞെന്നും ശ്രീജിത്ത് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന കോടിയേരിയുടെ വാദം ഇതോടെ പൊളിയുകയാണ്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. മുംബൈയിലെ തന്റെ ഓഫീസിലായിരുന്നു ചര്‍ച്ച. 5 കോടി രൂപ നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാല്‍ തുക നല്‍കാനാകില്ലെന്ന് വിനോദിനി വ്യക്തമാക്കി. ഇപ്പോള്‍ പണം നല്‍കിയാല്‍ യുവതി വീണ്ടും പണം ചോദിക്കും. കുഞ്ഞ് തന്റേതല്ലെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു ബിനോയിയുടെ വാദം. കേസായാല്‍ താന്‍ ഒറ്റയ്ക്ക് നേരിടാമെന്നും ബിനോയ് പറഞ്ഞു. വിഷയത്തില്‍ കോടിയേരി ഇടപെടേണ്ടെന്നുമായിരുന്നു ബിനോയിയുടെ നിലപാടെന്നും ഇയാള്‍ പറയുന്നു. കുട്ടി തന്റേതല്ലെന്ന് ബിനോയ് നിലപാടെടുത്തപ്പോള്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് യുവതി വ്യക്തമാക്കിയതായും ശ്രീജിത്ത് പറയുന്നു.