രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ചിന്തകരുടേയും എഴുത്തുകാരുടേയും നേതൃത്വത്തില്‍ പുതിയ ജനാധിപത്യ പാര്‍ട്ടി. വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുചേര്‍ന്ന് പുതിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് ചിന്തകന്‍ സണ്ണി എം കപിക്കാട് അദ്ധ്യക്ഷനായ സംസ്ഥാന സംഘാടക സമിതി വ്യക്തമാക്കി. സണ്ണി കപിക്കാട് ജനറല്‍ കണ്‍വീനറായ 50 അംഗ സമിതി പ്രവര്‍ത്തനം ജില്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ തലങ്ങളിലും സംഘാടക സമിതികള്‍ രൂപീകരണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് എറണാകുളത്ത് ചേര്‍ന്ന കണ്‍വന്‍ഷനിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്.
സംഘാടക സമിതിയുടെ പ്രസ്താവന
ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ദളിത് ആദിവാസി ജനതയുടേയും മത്സ്യത്തൊഴിലാളികളുടേയും തോട്ടം തൊഴിലാളികളുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കവുമുള്ള പാര്‍ട്ടികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സാമ്പത്തിക നീതി, സാമൂഹിക നീതി, പാരിസ്ഥിതിക നീതി, ലിംഗ നീതി എന്നിവയില്‍ കേന്ദ്രീകരിക്കുന്നതാകും പുതിയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കും പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുക. ആദിവാസികള്‍, ദലിതര്‍, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം സാധ്യമാക്കും. സമ്പദ്ഘടനയെയും സാമൂഹിക ക്രമത്തെയും പുനസംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു നവ ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ സമസ്ത മേഖലകളിലും ശക്തിപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിനും ഭരണഘടനക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് സംഘാടക സമിതി വിലയിരുത്തുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് അസമില്‍ 29 ലക്ഷത്തിലേറെ ആളുകള്‍ക്ക് പൗരത്വം നിഷേധിച്ചതും ആയിരക്കണക്കിന് പൗരന്മാരെയും തടവിലാക്കി ജമ്മു കശ്മീരിനെ വിഭജിച്ച് ഭരണഘടനയുടെ 370ാം വകുപ്പനുസരിച്ചുള്ള പ്രത്യേകാവകാശം റദ്ദാക്കുകയും ചെയ്ത നടപടികള്‍. മറുവശത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതരും മുസ്ലിങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിച്ചുകൊണ്ട് ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളും സാമൂഹിക നീതിയും ഇല്ലാതാക്കി. ആദിവാസികളുടെ അവകാശങ്ങള്‍ അട്ടിമറിക്കുകയും ഭൂമിയും വിഭവങ്ങളും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ദാനമായി നല്‍കുകയും ചെയ്യുന്നു. കടക്കെണിയിലും വിളനാശത്തിലും വിലയിടിവിലും ജീവിതം ദുരിതത്തിലായ കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളേയും വൈവിധ്യങ്ങളെയും ഫെഡറലിസത്തെയും തകര്‍ത്ത് ഒരു ഫാസിസ്റ്റ് ഭരണകൂടവും ഹിന്ദു രാഷ്ട്രവും സ്ഥാപിക്കാനാണ് ബിജെപി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നത്.
എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ എട്ടിന്
2020 ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന ജനാധിപത്യ രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം നടക്കും. വൈക്കത്ത് ആഗസ്റ്റ് 24ന് നടന്ന കോട്ടയം ജില്ലാ സംഘാടക സമിതി രൂപീകരണത്തിന്റെ തുടര്‍ച്ചയായി എറണാകുളത്ത് സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച്ച കണ്‍വന്‍ഷന്‍ നടക്കും. എറണാകുളം കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന കണ്‍വന്‍ഷന്‍ എഴുത്തുകാരനും ചിന്തകനുമായ കെ കെ കൊച്ച് ഉദ്്്ഘാടനം ചെയ്യും. അഡ്വ. കെ വി ഭദ്ര കുമാരി അദ്ധ്യക്ഷത വഹിക്കും. സണ്ണി എം കപിക്കാട് ആമുഖ പ്രഭാഷണവും സമീപന രേഖ അവതരണവും നടത്തും. സി ആര്‍ നീലകണ്ഠന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, പി പി രാജന്‍ (ശ്രീനാരായണ സേവ സമിതി), ഷാജി ജോര്‍ജ് (കെഎല്‍ആര്‍സിസി), ഡോ. കെ. ശ്രീകുമാര്‍, അംബിക, ടി ടി വിശ്വംഭരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്ത്യയെ ഹിന്ദുത്വ മത ഫാസിസ്റ്റ് രാഷ്ട്രമാക്കരുത്, ബഹുസ്വര, മതേതര, ജനാധിപത്യ, ഫെഡറല്‍ രാഷ്ട്രമായി നിലനിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. തൃശൂര്‍ ജില്ലയില്‍ സെപ്റ്റംബര്‍ 22നും മലപ്പുറത്ത് സെപ്റ്റംബര്‍ 29നും ഇടുക്കിയില്‍ ഒക്ടോബര്‍ ആദ്യവും നടക്കും. മറ്റ് ജില്ലകളില്‍ ഒക്ടോബറിലും നവംബറിലുമായി ജില്ലാ കണ്‍വന്‍ഷനുകള്‍ നടക്കും.