ന്യൂഡല്‍ഹി : യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ വികാസ്പുരിയില്‍ ജൂണ്‍ 11 നായിരുന്നു സംഭവം. വിവാഹത്തിന് വിസമ്മതിച്ചതോടെ യുവതി കാമുകനുമേല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാമുകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു ആക്രമണം. യുവാവിനോട് ഹെല്‍മറ്റ് ഉയര്‍ത്താന്‍ ആവശ്യപ്പെടുകയും അല്‍പ്പസമയത്തിനകം ആസിഡ് ഒഴിക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രണയിതാക്കള്‍ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായെന്ന വിവരമാണ് ജൂണ്‍ 11 ന് ലഭിച്ചത്. ഇതനുസരിച്ച് ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി. യുവാവിന്റെ മുഖത്തും കഴുത്തിലും യുവതിയുടെ കൈയ്യിലും പൊള്ളലേറ്റിരുന്നു. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആരോ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ഇരുവരും നല്‍കിയ മൊഴി. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ പൊലീസിനായില്ല.
തുടര്‍ന്ന് വീണ്ടും യുവാവിന്റെ മൊഴിയെടുത്തപ്പോഴാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. ബൈക്ക് യാത്രക്കിടെ ശരിയായി ചേര്‍ന്നിരിക്കാന്‍ തനിക്കാകുന്നില്ലെന്ന് പറഞ്ഞ് യുവതി തന്നോട് ഹെല്‍മറ്റ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.. ഇതുകഴിഞ്ഞ് കുറച്ചുസമയത്തിന് ശേഷമാണ് ആക്രമണമുണ്ടായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ കുറച്ചിടെയായി ബന്ധമവസാനിപ്പിക്കാന്‍ യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. എന്നിട്ടും പിരിയാമെന്ന നിലപാടിലായിരുന്നു യുവാവ്. ഇതോടെയാണ് ആസിഡ് ആക്രമണത്തിന് യുവതി പദ്ധതിയിട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക്ക ഭരദ്വാജിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പേഴ്‌സിലാണ് യുവതി രാസവസ്തുവിന്റെ കുപ്പി ഒളിപ്പിച്ചിരുന്നത്.