ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം എന്‍ഡിഎ വൈസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ വാദങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പരാതിക്കാരനായ പ്രവാസി മലയാളി നാസില്‍ അബ്ദുള്ള. പഴയ ചെക്ക് മോഷ്ടിച്ചതാകാം, ഒപ്പില്‍ സംശയമുണ്ട് തുടങ്ങിയ ആരോപണങ്ങള്‍ നാസില്‍ തള്ളി. ഒപ്പ് തുഷാറിന്റേത് അല്ലെങ്കില്‍ കോടതിയില്‍ തെളിയിക്കാം. തുഷാര്‍ പണം തരാതിരുന്നതുമൂലം ആറ് മാസം ജയിലില്‍ കിടക്കേണ്ടി വന്നു. രണ്ട് വര്‍ഷം നിയമപോരാട്ടം നടത്തി. പത്ത് വര്‍ഷമായി പണം തിരികെ ലഭിക്കാന്‍ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളി നടേശനുമായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുമായും ബന്ധപ്പെട്ടു. കിട്ടാനുള്ള തുകയുടെ പത്ത് ശതമാനം തരാമെന്ന് പറഞ്ഞിട്ട് അഞ്ച് ശതമാനം മാത്രമാണ് നല്‍കിയത്. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി പത്തോളം കമ്പനികള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും നാസില്‍ പറഞ്ഞു. മുഖം വെളിപ്പെടുത്താതെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ പ്രവാസിയുടെ പ്രതികരണം.
ഒപ്പ് തന്റേതാണോയെന്ന് സംശയമുണ്ടെന്നും മോഷ്ടിച്ച ശേഷം കാശിന് വേണ്ടി ചെയ്തതാകാമെന്നും തുഷാര്‍ പറഞ്ഞിരുന്നു.
വാലിഡ് അല്ലെങ്കില്‍ ചെക്ക് ബാങ്കില്‍ റിട്ടേണ്‍ ആകില്ലെന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷത്തേയും ഇപ്പോഴത്തേയും ചെക്കിന്റെ ഫോര്‍മാറ്റില്‍ വ്യത്യാസമുണ്ട്. ചെക്ക് വാലിഡാണ്. അതിന്റെ ഡേറ്റാണ് നോക്കുക. ചെങ്ക് ബ്ലാങ്ക് ചെക്കാണ്. സെക്യൂരിറ്റി ചെക്കാണ്. ഒപ്പില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് കോടതിയില്‍ ബോധിപ്പിച്ചാല്‍ ഫോറന്‍സിക് വിഭാഗത്തിന് അയക്കും. ആ ചെക്കിലെ ഒപ്പ് അദ്ദേഹത്തിന്റെ അല്ലാ എന്നുണ്ടെങ്കില്‍ അദ്ദേഹം നിരപരാധിയാണ്. പക്ഷെ അത് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒപ്പ് തന്നെയാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് നിയമപരമായി തെളിയിക്കാം.
ഇത്രവലിയ തുകയുടെ കരാര്‍ ആരുമായുമില്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത് ശരിയാണ്. ഇദ്ദേഹം ഈ പണം തരാത്തതിനാല്‍ എനിക്ക് കുറേ നഷ്ടം സംഭവിച്ചു. അതിന്റെ നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് തുക വെച്ചിട്ടുള്ളത്. അതുകൊണ്ടാണ് തുക ഇത്ര വലുതായത്. എത്ര രൂപയാണ് ആദ്യം തരാനുണ്ടായിരുന്നത് എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്.
തുഷാറിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. പണം കിട്ടാത്തതുകൊണ്ടാണ് സാധനങ്ങള്‍ മേടിച്ച ഇടങ്ങളിലെ ചെക്ക് ബൗണ്‍സായി അതില്‍ ഞാന്‍ ജയിലില്‍ പോകുകയും ചെയ്തത്. ആറ് മാസത്തോളം തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. രണ്ട് വര്‍ഷം അതിന്റെ നിയമപോരാട്ടം നടത്തേണ്ടിയും വന്നു.നാസില്‍ അബ്ദുള്ള
വിഷയം തീര്‍ക്കാനായി പത്ത് വര്‍ഷമായി തുഷാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനുമായും ബന്ധപ്പെട്ടിരുന്നു. അവരുമായി ബന്ധപ്പെടാവുന്ന എല്ലാ വഴികളിലൂടേയും ശ്രമിച്ചു. അപ്പോഴൊന്നും അനുകൂലമായ സമീപനമുണ്ടായില്ല. ഒരു തവണ വെള്ളാപ്പള്ളി കുടുംബം ഒത്തുതീര്‍പ്പിന് തയ്യാറായി. മുഴുവന്‍ തുകയുടെ 10 ശതമാനം തന്ന് വിഷയം തീര്‍ക്കാമെന്ന് പറഞ്ഞു. ആ സമയത്തെ നിവൃത്തികേടുകൊണ്ട് കിട്ടുന്നത് കിട്ടട്ടെ എന്ന് ചിന്തിച്ച് സമ്മതിച്ചു. കിട്ടാനുള്ള തുകയുടെ അഞ്ച് ശതമാനം പണമായും അഞ്ച് ശതമാനം ചെക്ക് ആയുമാണ് തന്നത്. അദ്ദേഹത്തിന്റെ ചെക്കല്ല, അവര്‍ക്ക് കിട്ടാനുള്ളതാണ് എന്ന് പറഞ്ഞ് ഒരു ചെക്ക് തന്നു. ആ ചെക്ക് മടങ്ങി. പണമായി ലഭിച്ച അഞ്ച് ശതമാനം മാത്രമാണ് കിട്ടിയത്.
വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ അദ്ദേഹം ബോധിപ്പിച്ചു. തുഷാര്‍ വെള്ളാപ്പള്ളി ഘടകകക്ഷി നേതാവ് ആയതുകൊണ്ട് പരിമിതികള്‍ ഉണ്ടെന്ന് പറഞ്ഞു. അനുകൂലമെങ്കില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാണ്. അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാതെ നിവൃത്തിയില്ല. കണ്‍സ്ട്രക്ഷന്‍ ബിസിനസുമായി ബന്ധപ്പെട്ട് ഏകദേശം പത്ത് കമ്പനികള്‍ക്ക് പണം കൊടുക്കാനുണ്ട്. അഞ്ച് കമ്പനികളെ നേരിട്ട് അറിയാം. ഈ കേസ് കൊടുത്തതിന് ശേഷമുള്ള അനന്തരഫലം ഉള്‍ക്കൊള്ളാനുള്ള മാനസിക കരുത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്ര വൈകിയത്. സ്വകാര്യതയുടേയും ആശങ്കയുടേയും പുറത്താണ് മുഖം വെളിപ്പെടുത്താത്തത് എന്നും നാസില്‍ വ്യക്തമാക്കി.