കോടിയേരി ബാലകൃഷ്ണന് ഫലപ്രദമായ ചികിത്സ നല്‍കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോടിയേരിയുമായി എത്രയോ വര്‍ഷത്തെ അടുപ്പമുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
എല്ലാവരെയും ചേര്‍ത്തിരുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും എം.വി ഗോവിന്ദന്‍. പാര്‍ട്ടി ഓരോ ചുമതലകള്‍ ഓരോ ഘട്ടത്തിലും ഏല്‍പ്പിച്ചിരുന്നു അതിനനുസരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറി പദവി ഏറ്റെടുക്കുന്നതോടെ മന്ത്രി സഭയിലും അഴിച്ചുപണി നടക്കും. നിലവില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍.
സി.പി.ഐ.എം ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പിലാണ് എം.വി ഗോവിന്ദന്‍ സെക്രട്ടറിയാകുന്ന വിവരം അറിയിച്ചത്. കോടിയേരി ബാലകൃഷ്ണന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എം.വി ഗോവിന്ദനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എം.എ ബേബി, എ. വിജയരാഘവന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സ്ഥാനമൊഴിഞ്ഞ കൊടിയേരിയെ തുടര്‍ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റും. അവധിയെടുക്കാമെന്ന് നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഒഴിയുകയാണെന്ന് കോടിയേരി അറിയിച്ചിതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ചര്‍ച്ച ചെയ്തത്.
യോഗത്തിന് ശേഷം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. കോടിയേരിയുടെ ഫ്ളാറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.