ജീവനക്കാരുടെ സമരം ശക്തമാകുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടിന്റെ വാഹനത്തിന് നേരെ കല്ലേറ്. കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസിന് സമീപത്ത് വെച്ചാണ് കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ്ജ് അലക്‌സാണ്ടറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നില്‍ സിഐടിയുവാണെന്ന് മുത്തൂറ്റ് ആരോപിച്ചു. വലിയ കല്ലുകള്‍ കാറിന് നേരെ കരുതിക്കൂട്ടി എറിയുകയായിരുന്നു. സ്ഥാപനം പൂട്ടിക്കാനാണ് സിഐടിയുവിന്റെ ലക്ഷ്യമെന്നുമാണ് മുത്തൂറ്റ് ആരോപിക്കുന്നു.
കോര്‍പറേറ്റ് ഓഫീസിലെ ജീവനക്കാരെ ഇന്നലെ തടഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നാരോപിച്ച് വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. 43 ശാഖകളിലെ 166 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം.
കേരളത്തില്‍ ഇപ്പോള്‍ തന്നെ ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ പ്രതികരിച്ചിരുന്നു.എതിര്‍പ്പുകളുണ്ടായാലും ബ്രാഞ്ചുകള്‍ തുറക്കണമെന്നും സമരക്കാര്‍ തുറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ റൈറ്റ് ടു വര്‍ക്ക് പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും സമരം പൊളിക്കാനുമാണ് എംഡി സര്‍ക്കുലര്‍ അയച്ചതെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്റെ ആരോപണം.